കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരപരിക്ക്
1538472
Tuesday, April 1, 2025 12:48 AM IST
കാസര്‍ഗോഡ്: പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് കടത്തുകേസിലെ മുഖ്യപ്രതി കുത്തിപരിക്കേല്പിച്ചു. സംഭവത്തില്‍ കുമ്പള ബംബ്രാണ ചൂരത്തടുക്കയിലെ അബ്ദുള്‍ ബാസിത് (32) അറസ്റ്റിലായി. പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. പ്രജിത്, സിവില്‍ എക്സൈസ് ഓഫീസര്‍ ടി.രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
പ്രതി വീട്ടിലുണ്ടെന്ന വിവരമറിഞ്ഞാണ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇയാളുടെ വീട്ടിലെത്തുന്നത്. ഇതില്‍ പ്രകോപിതനായ ബാസിത് അറ്റം കൂര്‍ത്ത സ്റ്റീല്‍ ദണ്ഡ് കൊണ്ട് പ്രജിത്തിന്റെ കഴുത്തില്‍ കുത്തിപരിക്കേല്പിച്ചു. രാജേഷിന്റെ കൈയില്‍ കുത്തുകയും നടുവിനു ചവിട്ടി പരിക്കേല്പിക്കുകയും ചെയ്തു. ബാസിത്തിനെ എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
2024 ഫെബ്രുവരി 26ന് പെര്‍ള ചെക്ക് പോസ്റ്റിനു സമീപം ആന്ധ്രയില്‍നിന്നും കേരളത്തിലേക്കു കടത്തിയ107.18 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് അബ്ദുള്‍ ബാസിത്. കാസര്‍ഗോഡ് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നായിരുന്നു ഇത്. മഹീന്ദ്ര ബൊലേറോ പിക്കപ്പിന്റെ സീറ്റിന്റെ ചാരിയിരിക്കുന്ന ഭാഗത്തിന് പിൻഭാഗം പൂര്‍ണമായും വെല്‍ഡ് ചെയ്ത് 23 സെന്റിമീറ്റര്‍ വീതിയില്‍ ഒരു രഹസ്യഅറയുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെക്സിന് ഷീറ്റ് ഉപയോഗിച്ച് ഇതു നന്നായി കവര്‍ ചെയ്തതിനാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയവും തോന്നില്ല.
ഇതിനുതാഴെയായി ഒരു ലോഹത്തകിട് കൊണ്ട് സ്ക്രൂ ചെയ്തുവച്ച നിലയിലായിരുന്നു രഹസ്യഅറ. രണ്ടുകിലോഗ്രാമില്‍ കൂടുതല്‍ തൂക്കം വരുന്ന 51 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം (36), പെര്‍ള അമെയ്ക്കള സ്വദേശി ഷെരീഫ് (52) എന്നിവരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും കരിയര്‍മാര്‍ മാത്രമാണെന്നും അബ്ദുള്‍ ബാസിത് ആണ് ഇതിന്റെ സൂത്രധാരനെന്നും വെളിപ്പെടുന്നത്. ഇയാള്‍ക്കെതിരെ വാറണ്ട് പ്രഖ്യാപിച്ചതിനുപിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. ബാസിതിനെതിരെ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ രണ്ടു കൊലക്കേസ് അടക്കം 12 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു.