അംബേദ്കര്‍ ഗ്രാമവികസന പദ്ധതി: മുഖച്ഛായ മാറ്റാനൊരുങ്ങി ആവിക്കര
1539100
Thursday, April 3, 2025 2:02 AM IST
കാഞ്ഞങ്ങാട്: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ മുഖച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വരുന്ന ആവിക്കര ഗ്രാമം. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവിക്കരയില്‍ തുടക്കമായി.
അടിസ്ഥാനസൗകര്യങ്ങളില്ലാതെ പിന്നോക്കം നില്ക്കുന്ന പട്ടികജാതി ഉന്നതികളെ സംരക്ഷിക്കുകയും അവിടെ സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുകയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ നിയമസഭാ മണ്ഡലത്തിലും എംഎല്‍എ നിര്‍ദേശിക്കുന്ന, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവിക്കുന്ന 25 അല്ലെങ്കില്‍ അതിലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഉന്നതികളെ തെരഞ്ഞെടുക്കുന്നതോടൊപ്പം, അവിടത്തെ ആവശ്യങ്ങള്‍ വിലയിരുത്തി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു.
നിലവില്‍ അതു 15 കുടുംബങ്ങള്‍ എന്ന നിലയില്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളിലെ പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വ്യക്തികളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി നടപ്പിലാക്കുന്ന ഓരോ ഗ്രാമത്തിലും പട്ടികജാതി വകുപ്പ് ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നവീകരണം, കുടിവെള്ള വിതരണം, തെുവ് ലൈററുകള്‍, ഇന്റര്‍നെറ്റ് കണക്ഷന്, മാലിന്യ സംസ്കരണ സംവിധാനം, ഭവന നിര്‍മാണം, ടോയ്ലെറ്റ് നിര്‍മ്മാണം, വായനശാലകള്‍, കളിസ്ഥലങ്ങള്‍, കിണറുകളുടെ നവീകരണം തുടങ്ങി സമഗ്രവികസനം ലക്ഷ്യമിടുന്നു. നിര്‍മിതികേന്ദ്രയ്ക്കാണ് നിര്‍മാണങ്ങളുടെ മേല്‍നോട്ട ചുമതല. കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ തന്നെയുള്ള മൈക്കാനത്ത് ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ദിശയിലാണ്.
പദ്ധതിയുടെ ഭാഗമായി ആവിക്കരയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാനം, കുട്ടികളുടെ പഠനമുറികളും സ്റ്റോറേജ് സൗകര്യങ്ങളും ഉള്‍പ്പെട്ട വിവിധോദ്ദേശ കെട്ടിടം എന്നിവയുടെ നിര്‍മ്മാണങ്ങള്‍ക്ക് ആണ് ഊന്നല്‍ നല്‍കുന്നത്. ഇതിനു പുറമെ വാട്ടര്‍ സിസ്റ്റം, ഓവുചാല്‍,നടപ്പാത, സൗണ്ട് സിസ്റ്റം എന്നിവയുടെ വികസനവും പദ്ധതി ലക്ഷ്യമിടുന്നു.