മീനഞ്ചേരി-വായിക്കാനം സൗരോർജവേലി ഈ മാസം ചാർജ് ചെയ്യുമെന്ന് വനംവകുപ്പ്
1539383
Friday, April 4, 2025 1:10 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ മീനഞ്ചേരി മുതൽ വായിക്കാനം വരെ മൂന്നു കിലോമീറ്റർ സൗരോർജ തൂക്കുവേലിയുടെ പ്രവൃത്തി പൂർത്തീകരിച്ച് ഈ മാസം തന്നെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ അറിയിച്ചു.
പാലാവയൽ ഭാഗത്ത് നിലവിലുള്ള സൗരോർജ വേലി അറ്റകുറ്റപണി നടത്തി പ്രവർത്തനക്ഷമമാക്കുമെന്നും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി പഞ്ചായത്തിൽ ചേർന്ന ജനജാഗ്രതാ സമിതിയോഗത്തിൽ അദ്ദേഹം അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ ചെറുക്കാനുള്ള വനംവകുപ്പിന്റെ വിവിധ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ സൗരോർജവേലികൾ കൃത്യമായി പാരിപാലിക്കുന്നതിന് മൂന്നുപേരെ നിയോഗിക്കുമെന്നും ഇവർക്ക് ഹോണറേറിയം നല്കുന്നതിനുള്ള തുക പഞ്ചായത്ത് ഫണ്ടിൽ നിന്ന് വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ പരിപാലനം നടക്കുന്നുണ്ടോ എന്ന കാര്യവും പഞ്ചായത്ത് തന്നെ നീരീക്ഷിക്കും.
വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശവുമായി ബന്ധപ്പെട്ട് കുറഞ്ഞ ചെലവിലുള്ള വിള ഇൻഷൂറൻസ് പദ്ധതി കൃഷിവകുപ്പിൽ നിന്നും ലഭ്യമാണെന്ന് യോഗത്തിൽ സംബന്ധിച്ച അസി. കൃഷി ഓഫീസർ ജയപ്രകാശ് അറിയിച്ചു. പന്നി, ആന എന്നിവയ്ക്കൊപ്പം കുരങ്ങുകളും മയിലുകളും പഞ്ചായത്തിൽ വലിയ തോതിൽ കൃഷിനാശം സൃഷ്ടിക്കുന്നുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത കർഷകർ ചൂണ്ടിക്കാട്ടി.
കൃഷിനാശം വരുത്തുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ ഷൂട്ടർമാർക്ക് പഞ്ചായത്ത് വഴി അനുമതി നല്കാമെന്നും അംഗീകൃത ഷൂട്ടർമാരുടെ പട്ടിക ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് ലഭ്യമാക്കാമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
കുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽ പെടുത്തിയതിനാൽ കൂട് വച്ച് പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ആവശ്യമാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു പദ്ധതി വനംവകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ, ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ. ലക്ഷ്മണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അപർണ ചന്ദ്രൻ, യദുകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.പി. സ്റ്റാൻലി, സ്പെഷൽ വില്ലേജ് ഓഫീസർ പ്രശാന്ത് കണ്ടത്തിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ബാബു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.കെ. സനിൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.