സഫലമായത് ആയുഷിയുടെ യത്നം; പയസ്വിനിയിലെ അപൂർവ ഇനം ആമകൾക്ക് പുതുതലമുറയൊരുങ്ങി
1538749
Wednesday, April 2, 2025 1:14 AM IST
ശ്രീജിത് കൃഷ്ണൻ
ബാവിക്കര (കാസർഗോഡ്): അപൂർവ ജീവജാലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ആഗ്ര സ്വദേശിനി ആയുഷി ജെയിൻ ആദ്യമായി കാസർഗോട്ടെത്തുന്നത് 2019 മേയിലാണ്. ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ എന്ന അപൂർവ ഇനത്തിൽപ്പെട്ട ഭീമൻ ആമകളുടെ സാന്നിധ്യം കാസർഗോട്ടെ പയസ്വിനിപ്പുഴയിലുണ്ടെന്ന ഡോ. ജാഫർ പാലോട്ടിന്റെ പഠനറിപ്പോർട്ട് വായിച്ചാണ് ആയുഷി എത്തിയത്. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ഈ ഇനത്തിലെ ആമകളെ ഇന്ത്യയിൽ ആകെ അഞ്ചിടങ്ങളിൽ മാത്രമേ ഇതുവരെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളൂ. ഏറ്റവും അവസാനം കണ്ടതായി പറയുന്നത് പത്തുവർഷം മുമ്പായിരുന്നു.
അന്ന് 22 വയസ് മാത്രമുണ്ടായിരുന്ന ഒരു പെൺകുട്ടി ആമകളെ അന്വേഷിച്ച് ആഗ്രയിൽനിന്ന് കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിലെത്തിയത് നാട്ടുകാർക്ക് കൗതുകമായിരുന്നു. പയസ്വിനി പുഴയോരത്ത് മുളിയാർ പഞ്ചായത്തിന്റെ ഭാഗമായ നെയ്യംകയം മുതൽ ബാവിക്കര വരെയുള്ള പ്രദേശങ്ങളിലാണ് ആയുഷി ആമകളെ തെരഞ്ഞത്.
പാലപ്പൂവൻ എന്നു നാട്ടുകാർ വിളിക്കുന്ന ഭീമൻ ആമകൾ പയസ്വിനിപ്പുഴയുടെ അടിത്തട്ടിലുണ്ടെന്നും പക്ഷേ അവ കരയിലേക്ക് കയറിവരുന്നത് അപൂർവമാണെന്നും നാട്ടുകാർ പറഞ്ഞറിഞ്ഞു. വിദ്യാർഥികളുടെയും ചില നാട്ടുകാരുടെയും സഹായത്തോടെ ഭാഷാപ്രശ്നം മറികടന്ന് ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ ഒരു ആമയെ നേരിൽ കാണാൻ കഴിഞ്ഞു. ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ തന്നെയാണ് ഇതെന്ന് ആയുഷി തിരിച്ചറിഞ്ഞു.
ഈയിനം ആമകൾ പതിവായി മുട്ടയിടാനെത്തുന്ന പുഴയോരത്തെ മണൽപ്പരപ്പുകളും നാട്ടുകാർ ആയുഷിക്ക് കാണിച്ചുനല്കി. പക്ഷേ മുട്ടകളിലേറെയും തെരുവുനായ്ക്കളുടെയും മറ്റു മൃഗങ്ങളുടെയും ചില മനുഷ്യരുടെയും ഭക്ഷണമായി ഒടുങ്ങുകയായിരുന്നു പതിവ്. സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിൽ നിന്നുള്ള മാർഗനിർദേശങ്ങളും വനംവകുപ്പിന്റെ സഹായവും കൊണ്ട് ആയുഷി ഏതാനും മുട്ടകൾ ശേഖരിച്ച് കൃത്രിമമായി വിരിയിക്കാൻ ശ്രമിച്ചു. ആദ്യ പരീക്ഷണത്തിൽ വിരിഞ്ഞത് ആറെണ്ണം മാത്രമാണ്. ആമക്കുഞ്ഞുങ്ങളെ വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുഴയിലേക്ക് വിടുകയും ചെയ്തു.
പിന്നീട് കടുത്ത വേനലിൽ പയസ്വിനിപ്പുഴയിലെ ഏറ്റവും ആഴമുള്ള ഭാഗമായ നെയ്യംകയം വറ്റിയപ്പോൾ അടിത്തട്ടിലുണ്ടായിരുന്ന പാലപ്പൂവൻ ആമകൾ കരയ്ക്കടിഞ്ഞു. ഇവ വംശനാശത്തിന്റെ വക്കിലാണെന്ന തിരിച്ചറിഞ്ഞതോടെ ആമകളെ സംരക്ഷിക്കുന്നതിന് ആയുഷി തുടങ്ങിവച്ച ശ്രമങ്ങൾ വനംവകുപ്പ് തുടർന്നു. ബാവിക്കരയിൽ ജലവിതരണപദ്ധതിയുടെ അണക്കെട്ട് പൂർത്തിയായതോടെ പുഴയിൽ വെള്ളം വറ്റുന്ന സാഹചര്യം ഒഴിവായി.
പാലപ്പൂവൻ ആമകൾ മുട്ടയിടാനെത്തുന്ന പുഴയോരത്തെ മണൽത്തിട്ടകളിൽ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൃത്രിമമായി ഹാച്ചറികൾ ഉണ്ടാക്കി. പയസ്വിനിയുടെ മാത്രം സ്വത്തായ ഭീമൻ ആമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടിൽ ബോധവത്കരണ പരിപാടികൾ നടത്തി. പുഴയുടെ അടിത്തട്ടിൽ ജീവിച്ച് അഴുക്ക് ഭക്ഷണമാക്കി ജലശുദ്ധീകരണത്തിന് സഹായിക്കുന്ന ഭീമൻ ആമകളുടെ പ്രാധാന്യം വിശദീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ ആമമുട്ടകൾകക് സംരക്ഷണമൊരുക്കി. ആമകൾ മുട്ടയിടാനെത്തുന്നത് നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിച്ചു.
ഒൻപത് ഹാച്ചറികളിൽ നിന്ന് 18 ആമക്കുഞ്ഞുങ്ങളെയാണ് ഈ വർഷം ആദ്യമായി ലഭിച്ചത്. ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയിലധികം തൂക്കവുമുള്ള ഭീമൻ ആമകളാണെങ്കിലും കുഞ്ഞുങ്ങൾ മറ്റ് ആമകളുടേതുപോലെ ചെറുതാണ്. തിങ്കളാഴ്ച ബാവിക്കര അരമനപ്പടിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇവയെ പുഴയുടെ മടിത്തട്ടിലേക്ക് ഇറക്കിവിടുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ആയുഷിയും എത്തിയിരുന്നു.
സാമൂഹ്യ വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.ബിജു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സുന്ദരൻ, പരിസ്ഥിതി പ്രവർത്തകൻ കെ.എം. അനൂപ്, ഡോ.എ.അനിത, ഒ.എ.ഗിരീഷ് കുമാർ, പാണ്ടിക്കണ്ടം ഹരിതസമിതി പ്രസിഡന്റ് കെ.മുരളീധരൻ, അരിയിൽ വനസംരക്ഷണ സമിതി പ്രസിഡന്റ് പി. ശശിധരൻ നായർ, അബ്ദുള്ള ബാവിക്കര, ടി.കെ.മധു എന്നിവർ നേതൃത്വം നല്കി.