കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് അടച്ചിട്ടു; ഗതാഗതക്കുരുക്ക്, ജനങ്ങള്‍ക്ക് ദുരിതം
1538751
Wednesday, April 2, 2025 1:14 AM IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് ഇന്നലെ മുതല്‍ പൂര്‍ണമായി അടച്ചിട്ടു. ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി ആറുമാസത്തേയ്ക്ക് സ്റ്റാന്‍ഡ് പൂര്‍ണമായി അടച്ചിടുന്നെന്നാണ് നഗരസഭ അറിയിച്ചത്. എന്നാല്‍ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം പൂര്‍ണമായും ആലാമിപ്പള്ളിയിലേക്ക് മാറ്റുന്നതിനായാണ് പഴയ സ്റ്റാന്‍ഡ് അടച്ചിട്ടതെന്നാണ് സൂചന.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും ഒഴിവാക്കി അവിടെ പേ പാര്‍ക്കിംഗ് പോലുള്ള സംവിധാനമാണ് നഗരസഭ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ വാഹനപാര്‍ക്കിംഗിന് സ്ഥലമില്ലാത്തതിന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന് അത് ഏറെ ആശ്വാസകരമാകും. അതേസമയം പുതിയ പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്. ഇതു ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടും നഗരത്തില്‍ ഗതാഗതകുരുക്കുമുണ്ടാക്കി.
പാണത്തൂര്‍, കൊന്നക്കാട്, കാസര്‍ഗോഡ് ഭാഗങ്ങളില്‍ കാഞ്ഞങ്ങാടെത്തുന്ന ബസുകള്‍ സ്റ്റാന്‍ഡിനു മുന്നിലുള്ള സിറ്റി ബേക്കറിക്ക് മുമ്പിലായാണ് നിര്‍ത്തിയിട്ട് ആളെയിറക്കുന്നതും കയറ്റുന്നതും. കൂടാതെ മിനിറ്റുകളുടെ ഇടവേളയില്‍ നീലേശ്വരം ഭാഗത്തേയ്ക്കു പോകാന്‍ തയാറെടുക്കുന്ന ബസുകളും ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നു.
ഏറ്റവുമധികം ആളുകള്‍ റോഡ് റോഡ് മുറിച്ചുകിടക്കുന്നതും ഇവിടെയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ ഇത്തരത്തില്‍ രണ്ടു നിരകളിലായി ബസുകള്‍ നിര്‍ത്തിയിടുമ്പോള്‍ പിന്നില്‍ വാഹനങ്ങള്‍ നീണ്ട നിരയാണ് രൂപപ്പെടുന്നത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ ഗതാഗതകുരുക്കില്‍ പെട്ടു കിടക്കുന്നത്. സ്കൂള്‍ അവധിക്കാലമായതിനാലും റംസാന്റെ പിറ്റേദിവസം ആയതിനാലും ടൗണില്‍ ഇന്നലെ താരതമ്യേന തിരക്ക് കുറവായിരുന്നു. എന്നിട്ടുപോലും വലിയ ഗതാഗതകുരുക്ക് ഇവിടെ അനുഭവപ്പെട്ടു. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്തയാഴ്ച വിഷുവിപണി സജീവമാകുന്നതോടെ ഗതാഗതകുരുക്ക് അതിരൂക്ഷമാകും.
നിലവില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് കടത്തിണ്ണ മാത്രമാണ് ഏക ആശ്രയം. പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും ഇരിപ്പിടമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. കൊന്നക്കാട്, വെള്ളരിക്കുണ്ട്, എളേരിത്തട്ട് തുടങ്ങിയ മലയോരമേഖലയിലെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് പുതിയ പരിഷ്കാരം ഉണ്ടാക്കിയിരിക്കുന്നത്. മുമ്പ് ദീര്‍ഘദൂരയാത്ര കഴിഞ്ഞ് ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് തിരിച്ചുവീട്ടില്‍ പോകാന്‍ പഴയ സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടിരുന്നത് ഏറെ സൗകര്യപ്രദമായിരുന്നു.
ഇപ്പോഴാണെങ്കില്‍ സ്റ്റാന്‍ഡിന് വെളിയില്‍ രണ്ടു മിനുറ്റ് മാത്രമേ ബസ് നിര്‍ത്തിയിടാന്‍ പാടുള്ളുവെന്നാണ് ട്രാഫിക് പോലീസിന്റെ നിര്‍ദേശം. ഇതോടെ മലയോരമേഖലയിലുള്ളവര്‍ക്ക് ബസ് കയറമെങ്കില്‍ ആലാമിപള്ളി സ്റ്റാന്‍ഡിലേക്ക് പിന്നെയും രണ്ടരകിലോമീറ്റര്‍ സഞ്ചരിക്കണം.
ബസുകളെല്ലാം ആലാമിപ്പള്ളി സ്റ്റാന്‍ഡില്‍ കയറിയാണ് പോകുന്നതെങ്കിലും അവിടെയും അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമായിട്ടില്ല. കുടുംബശ്രീയുടെ പിങ്ക് കഫേ എന്ന ചായക്കട മാത്രമാണ് ഇവിടെയുള്ളത്. മറ്റു കടകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. 2023ലും ഇതേപോലെ ഏപ്രില്‍ ഒന്നിന് കോട്ടച്ചേരി സ്റ്റാന്‍ഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നതെങ്കിലും വ്യാപാരകളടെയും ബസുടമകളുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ ആലാമിപള്ളി സ്റ്റാന്‍ഡില്‍ കടമുറികള്‍ ഏതാണ്ട് പൂര്‍ണമായും ലേലത്തില്‍ പോയതോടെ ലേലംകൊണ്ടവരുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ആലാമിപള്ളി ബസ് സ്റ്റാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ നഗരസഭ നിര്‍ബന്ധിതമായത്. 2019 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്.