ക്ഷേമപദ്ധതിയിലൂടെ വിദ്യയ്ക്ക് ഓട്ടോറിക്ഷ
1538477
Tuesday, April 1, 2025 12:48 AM IST
പെരിയാട്ടടുക്കം: പട്ടികജാതി വികസന വകുപ്പിന്റെ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതിയിലൂടെ ആനുകൂല്യം കൈപ്പറ്റിയതില്‍ പെണ്‍പെരുമയും. പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ കൈപ്പറ്റിയ 12 ഗുണഭോക്താക്കളില്‍ മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശി വിദ്യയാണ് ഏക വനിത.
ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ശ്രീജിത്തിന്റെയും ഇലക്ട്രോണിക് ഷോറൂമില്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥയായ വിദ്യയുടെയും വരുമാനം കൊണ്ട് അമ്മയും രണ്ടു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ ചെലവുകള്‍ താങ്ങാന്‍ പറ്റാതെ വന്നതോട് കൂടിയാണ് അധിക വരുമാനം എന്ന നിലയില്‍ സീസണ് സമയത്ത് ഐസ്ക്രീം കച്ചവടം നടത്തുക എന്ന തീരുമാനത്തിലേക്ക് വിദ്യ എത്തിച്ചേരുന്നത്.
ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്ന വിദ്യ ഏഴുവര്‍ഷം മുമ്പ് ആരംഭിച്ച ഐസ്ക്രീം കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത് വാടകയ്ക്ക് എടുത്ത ഓട്ടോറിക്ഷ ആയിരുന്നു. ദിവസം 300 രൂപ എന്നതോതില്‍ മാസം വലിയൊരു തുക വാടകയായി നല്‍കേണ്ടിവന്നു. ചില സമയങ്ങളില്‍ കച്ചവടം കുറവാണെങ്കിലും ഓട്ടോറിക്ഷയുടെ വാടക നല്‍കേണ്ടി വന്നത് തിരിച്ചടിയായി. അതിനെ തുടര്‍ന്നാണ് പട്ടികജാതി വകുപ്പിന്റെ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയില്‍ 2023 വിദ്യ ഓട്ടോറിക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. 2025 ൽ മറ്റു 11 പേര്‍ക്കൊപ്പം വിദ്യയുടെ അപേക്ഷക്കും അധികൃതരുടെ പച്ചക്കൊടി കിട്ടി.
വിദ്യയെകൂടാതെ അജാനൂര്‍ പഞ്ചായത്തിനു കീഴിലുള്ള അഞ്ചുപേരും മടിക്കൈ പഞ്ചായത്തിനു കീഴിലെ ഒരാളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന ഒരാളും പുല്ലൂര്‍-പെരിയ പഞ്ചായത്തിന് കീഴിലുള്ള രണ്ടുപേരും ഉദുമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരാളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇവർക്കുള്ള ഓട്ടോറിക്ഷയുടെ വിതരണം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ പെരിയാട്ടടുക്കത്ത് നിര്‍വഹിച്ചു.