ബോക്സൈറ്റ് ഖനനം ; കാറഡുക്ക റിസർവ് വനത്തിൽ വിശദമായ സർവേ തുടങ്ങി
1539381
Friday, April 4, 2025 1:10 AM IST
മുള്ളേരിയ: കാറഡുക്ക റിസർവ് വനത്തിൽ ഉൾപ്പെടുന്ന നാർളം മേഖലയിൽ ബോക്സൈറ്റ് ഖനനത്തിനുള്ള വിശദമായ സർവേ നടപടികൾക്ക് തുടക്കമായി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്.
നാർളം മേഖലയിൽ ആകെ 150 ഹെക്ടർ ഭൂമിയിൽ ബോക്സൈറ്റ് നിക്ഷേപമുള്ളതായാണ് നേരത്തേ ജിഎസ്ഐയുടെ പ്രാഥമിക സർവേയിൽ കണ്ടെത്തിയത്. ജനവാസമേഖലകൾ ഒഴിവാക്കിയാൽ 100 ഹെക്ടറോളം സ്ഥലം ഖനനത്തിന് ലഭ്യമാകുമെന്നാണ് നിഗമനം. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കുണ്ടടുക്കം, അരയാലിങ്കൽ പ്രദേശങ്ങളിലേക്കുള്ള മൂന്ന് പ്രാദേശിക റോഡുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇവ ഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിൽ പുന:ക്രമീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വണ്ണാച്ചെടവ്, പയ്യനടുക്കം പ്രദേശങ്ങളിൽ നിന്ന് തുടങ്ങി കൊട്ടംകുഴിയും കല്ലളിപ്പാറയും വരെ ആകെ എട്ട് ചതുരശ്ര കിലോമീറ്റർ മേഖലയിൽ ഖനനം നടത്താമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം, സിമന്റ് നിർമാണമേഖലകളിൽ ഉപയോഗിക്കാവുന്ന ബോക്സൈറ്റ് അയിരുകളുടെ സാന്നിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. എത്ര ആഴത്തിൽ വരെ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നു കണ്ടെത്തുന്നതിനായി ഭൂമി തുരന്നുള്ള പരിശോധനയും നടത്തും.
ഈ ബ്ലോക്കിൽനിന്ന് ആകെ 0.21 ദശലക്ഷം ടൺ ഉന്നതനിലവാരമുള്ള ബോക്സൈറ്റും 5.14 ദശലക്ഷം ടൺ അലുമിനസ് ലാറ്ററൈറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഎസ്ഐ ഡയറക്ടർ സബിത, സീനിയർ ജിയോളജിസ്റ്റ് രോഷ്നി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അസി.ഡയറക്ടർ എം.സി. കിഷോർ എന്നിവരാണ് സർവേയ്ക്ക് നേതൃത്വം നല്കുന്നത്.
ഒരു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കാനാണ് തീരുമാനം. റിപ്പോർട്ട് ലഭിച്ചാലുടൻ ഇവിടെ ബോക്സൈറ്റ് ഖനനം നടത്തുന്നതിനുള്ള അവകാശം ലേലംചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഇതിലൂടെ 5000 കോടി രൂപയോളം വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ.
വർഷങ്ങൾക്കു മുമ്പ് കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ ഇതേ രീതിയിൽ ബോക്സൈറ്റ് സാന്നിധ്യം കണ്ടെത്തുകയും ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്ക് ലേലം ചെയ്ത് വിൽക്കുകയും ചെയ്തിരുന്നെങ്കിലും പ്രാദേശികമായി കടുത്ത എതിർപ്പ് ഉയർന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു.
കാറഡുക്കയിലെ റിസർവ വമേഖലയിൽ ഖനനം തുടങ്ങുന്നതോടെ പ്രദേശത്തെ ജനവാസമേഖലയിലുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾ ഇപ്പോഴത്തേതിലും രൂക്ഷമാകുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. ഖനനമേഖലയിലെ ശബ്ദവും പൊടിയും വാഹനഗതാഗതവും മൂലം വന്യമൃഗങ്ങൾ കൂടുതലായി കാടിറങ്ങുമെന്നാണ് ആശങ്ക.
കുണ്ടടുക്കം, പതിമൂന്നാംമൈൽ, കല്ലളിപ്പാറ ഭാഗങ്ങളിലായി വനാതിർത്തിയിൽ നാല്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് അധികൃതരുടെ വാഗ്ദാനമെങ്കിലും ഖനനം തുടങ്ങിക്കഴിഞ്ഞാൽ ഭൂപ്രകൃതി പാടേ മാറിമറിയുകയും വന്യജീവി ആക്രമണങ്ങൾ രൂക്ഷമാവുകയും ചെയ്താൽ അത് ഇവരുടെ നിലനില്പിന് ഭീഷണിയാകും.
വനമേഖല ഖനനത്തിനായി വിട്ടുകിട്ടണമെങ്കിൽ പകരം മറ്റെവിടെയെങ്കിലും അത്രയും റവന്യൂഭൂമി വനംവകുപ്പിന് കൈമാറേണ്ടിവരുമെന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഇതും സമീപത്തെ ജനവാസമേഖലകളെയാണ് പ്രതികൂലമായി ബാധിക്കുക.