വാർഷിക പദ്ധതി നിർവഹണത്തിൽ നൂറുമേനി തിളക്കവുമായി ഈസ്റ്റ് എളേരി
1539099
Thursday, April 3, 2025 2:02 AM IST
ചിറ്റാരിക്കാൽ: 2024-25 വാർഷിക പദ്ധതിയുടെ നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിലും നൂറുമേനി തിളക്കവുമായി ഈസ്റ്റ് എളേരി പഞ്ചായത്ത്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷം ലഭ്യമായ പദ്ധതി വിഹിതം, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നിവയടക്കമുള്ള 3.52 കോടി രൂപയിൽ മുൻവർഷത്തെ നീക്കിയിരിപ്പ് അടക്കം 104.85 ശതമാനം തുകയും, റോഡുകളുമായി ബന്ധപ്പെട്ട് ലഭ്യമായ 4.72 കോടി രൂപയും റോഡിതര വികസനത്തിനു വേണ്ടി ലഭിച്ച 65 ലക്ഷം രൂപയും പൂർണമായി ചെലവഴിക്കാൻ പഞ്ചായത്തിന് കഴിഞ്ഞതായി പ്രസിഡന്റ് ജോസഫ് മുത്തോലി അറിയിച്ചു.
ഈ സാമ്പത്തിക വർഷം കെട്ടിടനികുതി ഉൾപ്പെടെ മുഴുവൻ നികുതി പിരിവും 100 ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞു. അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്, മാലിന്യമുക്ത പഞ്ചായത്ത്, പട്ടികവർഗവിഭാഗത്തിൽ എല്ലാവർക്കും അടിസ്ഥാനരേഖകൾ ലഭ്യമാക്കൽ, ഹരിതകർമസേനയുടെ 100 ശതമാനം വാതിൽപ്പടി സേവനം എന്നിവയും ഈ വർഷത്തെ നേട്ടങ്ങളാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ 1015 പേർക്ക് 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാനായത് പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ആകെ ചെലവഴിച്ച തുക 8 കോടി രൂപയ്ക്ക് മുകളിലെത്തുന്നതും ആദ്യമായാണ്.ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമവും ജനങ്ങൾ നൽകിയ പിന്തുണയുമാണ് ഈ നേട്ടങ്ങൾ സമ്മാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.