എൻഎംസി സംഘം എത്താറായി; ഗവ. മെഡിക്കൽ കോളജിൽ ഇനിയും സൗകര്യങ്ങളായില്ല
1538074
Sunday, March 30, 2025 7:37 AM IST
ബദിയടുക്ക: ഉക്കിനടുക്കയിലെ കാസർഗോഡ് ഗവ. മെഡിക്കൽ കോളജിൽ ഈ വർഷം എംബിബിഎസ് പ്രവേശനം നടത്താൻ അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി നാഷണൽ മെഡിക്കൽ കൗൺസിലിന്റെ സംഘം വരാറായിട്ടും മുന്നൊരുക്കങ്ങൾ പൂർത്തിയായില്ല. കെട്ടിടം പൂർത്തിയായിട്ടുണ്ടെന്നല്ലാതെ ക്ലാസുകൾ നടത്താനാവശ്യമായ ഫർണിച്ചറുകളോ ലാബ് സൗകര്യമോ ഇതുവരെ ഒരുക്കിയിട്ടില്ല.
ഒന്നാംവർഷ ക്ലാസുകൾ നടത്താനാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ ജേണലുകളടക്കമുള്ള ലൈബ്രറി സംവിധാനവുമൊന്നും ഇതുവരെ സജ്ജമായിട്ടില്ല. വിദ്യാർഥികൾക്കും അധ്യാപകർക്കുമാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും പാതിവഴിയിലാണ്. മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ ക്ലാസ് തുടങ്ങാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിക്കുകയും ആരോഗ്യ സർവകലാശാലയുടെയും എൻഎംസിയുടെയും അനുമതി തേടുകയും ചെയ്തതല്ലാതെ ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നമായത്.
കാസർഗോഡ് വികസന പാക്കേജ്, കിഫ്ബി, എംപി ഫണ്ട് എന്നിവയിൽ നിന്നും ഇതിനാവശ്യമായ തുക കണ്ടെത്താനാണ് ജില്ലാ ഭരണകൂടവും മെഡിക്കൽ വിദ്യാഭ്യാസവകുപ്പും ശ്രമിക്കുന്നത്. കിഫ്ബിയും ഏറെക്കുറെ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ മറ്റു രണ്ട് സാധ്യതകളാണ് അന്വേഷിക്കുന്നത്. എന്നാൽ കോഴ്സ് തുടങ്ങാനുള്ള തീരുമാനം പെട്ടെന്നായിപ്പോയതിനാൽ ഈ രണ്ട് വഴികളിലും ഫണ്ട് അനുവദിച്ചുകിട്ടാനുള്ള സാവകാശം കിട്ടാത്തതാണ് ഇപ്പോൾ പ്രശ്നമാകുന്നത്.
മെഡിക്കൽ കോളജിന്റെ ടീച്ചിംഗ് ആശുപത്രിയായി പ്രഖ്യാപിച്ച കാസർഗോഡ് ജനറൽ ആശുപത്രിയിൽ എൻഎംസി മാനദണ്ഡങ്ങൾ പ്രകാരമുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നത് മാത്രമാണ് അധികൃതരുടെ ആശ്വാസം. എന്നാൽ മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യങ്ങളിലെന്നു വന്നാൽ ഈ വർഷം പ്രവേശനം നടത്തുന്നതിനുള്ള അനുമതി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.