സമ്പൂർണ ശുചിത്വ പ്രഖ്യാപനം: വെള്ളരിക്കുണ്ട് ടൗണിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു
1538754
Wednesday, April 2, 2025 1:14 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന്റെ തുടർച്ചയായി വെള്ളരിക്കുണ്ട് ടൗണിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും നിക്ഷേപിക്കാൻ പ്രത്യേകം ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചത്. ഭക്ഷണ അവശിഷ്ടങ്ങളോ മദ്യക്കുപ്പികളോ ഇത്തരം വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന് വേസ്റ്റ് ബിന്നുകൾ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ആർ. വിനു അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ആമുഖഭാഷണം നടത്തി. വെള്ളരിക്കുണ്ട് സായംപ്രഭയിലേക്കുള്ള വേസ്റ്റ് ബിന്നുകൾ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ചന്ദ്രൻ കളത്തിൽതൊടിയിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ജോർജ് കുട്ടി, ബാബു കല്ലറയ്ക്കൽ, ജിജി കുന്നപ്പള്ളി, ബിനോയ് പുളിങ്കാല, ജോം ജോസഫ് , ദിലീപ് മാത്യു, രാഹുൽ ഫിലിപ്പ്, ജോർജ് തോമസ്, ജോസ് വടക്കേപറമ്പിൽ, ജിമ്മി ഇടപ്പാടി, സാജൻ കൂട്ടക്കളം എന്നിവർ സംബന്ധിച്ചു.