‘ലഹരിക്ക് നോ എൻട്രി’യുമായി സൺഡേ സ്കൂൾ റാലി
1539382
Friday, April 4, 2025 1:10 AM IST
വെള്ളരിക്കുണ്ട്: സമൂഹത്തിൽ വളരെ വേഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യ-രാസലഹരിയെന്ന മഹാവിപത്തിന്റെ കെണിയിൽ പെടാതിരിക്കുന്നതിനും അതിനെതിരെ പ്രതികരിക്കുന്നതിനും വേണ്ടി വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന സൺഡേ സ്കൂൾ വിദ്യാർഥികൾ ടൗണിലേക്ക് റാലി നടത്തി.
ലഹരിലോകം നശീകരണ ലോകമാണെന്നും മഹാനഷ്ടങ്ങളുടെ കേന്ദ്രമാണെന്നും കുട്ടികൾ മാത്രമല്ല മുതിർന്ന തലമുറയിലെ ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സ്വയം പ്രതിരോധിക്കണമെന്നും ലഹരിവിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം പ്രസംഗിച്ചു.
‘ലഹരിക്ക് നോ എൻട്രി’ എന്ന ബാനറുമായി അറുന്നൂറിലധികം വിദ്യാർഥികളും അധ്യാപകരും ദേവാലയത്തിൽ നിന്നും ടൗണിലേക്ക് നടത്തപ്പട്ട റാലിയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ അണിനിരന്നു. ഫ്ളാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
യോഗത്തിൽ ജോസ് ഇലവുങ്കൽ, കെന്നഡി പൊടിമറ്റം, ജോസുകുട്ടി പാലമറ്റം, ജോഷ്ജോ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു. തിരുബാലസഖ്യം, ചെറുപുഷ്പ മിഷൻലീഗ് അംഗങ്ങളും ഭാരവാഹികളും അധ്യാപകരും ഇടവകാ ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകി.