പുതിയ പാത വന്നാലും പടന്നക്കാട് അപകടഭീഷണി ഒഴിയുന്നില്ല
1538471
Tuesday, April 1, 2025 12:48 AM IST
കാഞ്ഞങ്ങാട്: ദേശീയപാതയിലെ അപകടമേഖലയായി മാറിയ പടന്നക്കാട് മേൽപ്പാലത്തിൽ പുതിയ പാതയുടെ നിർമാണം പൂർത്തിയായാലും അപകടഭീഷണി ഒഴിയുന്നില്ല. പുതിയ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള മേൽപ്പാലത്തിന്റെ കിഴക്കുവശത്ത് നിർമിക്കുന്ന പുതിയ മേൽപ്പാലം മൂന്നുവരി വാഹനഗതാഗതം സാധിക്കുന്ന വീതിയിലാണ്. പുതിയ പാതയുടെ നിർമാണം പൂർത്തിയായാൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇതുവഴി പോകാനാകും. എന്നാൽ, തിരിച്ച് കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് രണ്ടുവരി മാത്രം വീതിയുള്ള നിലവിലുള്ള മേൽപ്പാലം തന്നെ ഉപയോഗിക്കേണ്ടിവരും.
രണ്ടുവരി വാഹനഗതാഗതം പോലും കഷ്ടിച്ച് മാത്രം സാധ്യമാകുന്ന വീതിയേ നിലവിലുള്ള മേൽപ്പാലത്തിനുള്ളു. ഇരുവശങ്ങളിലും ഡിവൈഡറുകർ നിർമിച്ച് കാൽനടയാത്രക്കാർക്കായി പ്രത്യേക ഭാഗം വേർതിരിച്ചതാണ് ഇതിനു കാരണം. ഒന്നര കിലോമീറ്ററോളം നീളമുള്ള മേൽപ്പാലത്തിലൂടെ ആളുകൾ നടന്നുപോകാൻ സാധ്യതയില്ലെന്ന് തുടക്കത്തിൽതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഭാഗത്തിന്റെ വീതി കുറച്ച് കാൽനടയാത്രക്കാർക്കായി പ്രത്യേക സ്ഥലം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം കാൽനടയാത്രക്കാർക്ക് പാലത്തിലേക്ക് കയറാൻ പടികളൊന്നും വച്ചതുമില്ല.
രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേസമയം കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമാണ് പാലത്തിലെ ടാറിംഗ് നടത്തിയ ഭാഗത്തിനുള്ളത്. വലിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കായി നിർമിച്ച കോൺക്രീറ്റ് ഡിവൈഡറിനും ഇടയിൽ കുരുങ്ങി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടായത് അങ്ങനെയാണ്. കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനീഷ് മരിക്കാനിടയായ അപകടവും ഇത്തരത്തിൽ സംഭവിച്ചതാണ്.
പുതിയ ദേശീയപാത പൂർത്തിയായാലും നീലേശ്വരം ഭാഗത്തുനിന്ന് വടക്കോട്ട് മൂന്നുവരിപ്പാതയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ പടന്നക്കാട്ടെത്തുമ്പോൾ ഈ ഇടുങ്ങിയ രണ്ടുവരി മേൽപ്പാലത്തിലേക്ക് കയറേണ്ടിവരും. ഇത് ഗതാഗതക്കുരുക്കിനും വീണ്ടും അപകടങ്ങൾക്കും വഴിയൊരുക്കുമെന്നാണ് ആശങ്ക. മേൽപ്പാലം പൂർണമായും പൊളിച്ചുമാറ്റി മൂന്നുവരിയിൽ പുനർനിർമിക്കാൻ തത്കാലം ബുദ്ധിമുട്ടാണെങ്കിൽ കാൽനടയാത്രക്കാരുടെ പേരുപറഞ്ഞ് നിർമിച്ച ഡിവൈഡറുകളെങ്കിലും പൊളിച്ചുമാറ്റി പാലത്തിന് രണ്ടുവരി ഗതാഗതത്തിനുള്ള വീതിയെങ്കിലും പൂർണമായും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും ആവശ്യം.