രാജപുരം ബൈബിൾ കൺവൻഷൻ മൂന്നു മുതൽ; ഒരുക്കം പൂർത്തിയായി
1538473
Tuesday, April 1, 2025 12:48 AM IST
രാജപുരം: രാജപുരം-പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ 14-ാമത് രാജപുരം ബൈബിൾ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജപുരം സ്കൂൾ ഗ്രൗണ്ടിൽ മൂന്നു മുതൽ ആറു വരെ തീയതികളിൽ വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ നടക്കുന്നത്. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം നയിക്കുന്ന ടീമാണ് കൺവൻഷൻ നയിക്കുന്നത്.
മൂന്നിന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ദിവ്യബലി അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ ദിവ്യബലി അർപ്പിക്കും. കോട്ടയം അതിരൂപത (മലബാർ റീജിയൻ), തലശേരി അതിരൂപത, കണ്ണൂർ രൂപത എന്നിവിടങ്ങളിലെയും കർണാടകയിലെ കുടിയേറ്റ മേഖലയിലെയും വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കും.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയിരിക്കുന്നത്. അഞ്ചിനു രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ ഫൊറോനകളിലെ യുവജനങ്ങൾക്കായി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ നേതൃത്വത്തിൽ യുവജന സംഗമവും നടത്തും.
കൺവൻഷന് ഒരുക്കമായി ബൈബിൾ സന്ദേശയാത്ര, വോളന്റിയർമാർക്ക് ഏകദിന ധ്യാനം, വോളന്റിയർ സംഗമം, ജപമാല റാലി, കുരിശിന്റെ വഴി, കൂടാര യോഗങ്ങളിൽ ജപമാല പ്രയാണം, ഇടവകകളിൽ പ്രാർഥനാ ദിനം, ആരാധന, മാർച്ച് ഒന്നു മുതൽ കൺവൻഷൻ ഗ്രൗണ്ടിൽ ജെറീക്കോ പ്രാർഥന എന്നിവ നടന്നുവരുന്നു. കൺവൻഷനു ശേഷം പാണത്തൂർ, പാലച്ചാൽ, കുളപ്പുറം, ബന്തടുക്ക, പടുപ്പ്, മാനടുക്കം, കൊട്ടോടി, ആടകം, പെരുമ്പള്ളി, ഉദയപുരം, അയറോട്ട്, പൂക്കയം, ചെരുമ്പച്ചാൽ, ചെടിക്കുണ്ട്, കനീലടുക്കം, കരിവേടകം, ഒടയംചാൽ, നായ്ക്കയം, എടത്തോട്, എണ്ണപ്പാറ, പുഞ്ചക്കര, അടോട്ടുകയ, ചുള്ളി, കപ്പള്ളി എന്നീ വിവിധ ഭാഗങ്ങളിലേക്ക് സൗജന്യവാഹന സൗകര്യവും ഉണ്ടാകും.
കിടപ്പുരോഗികൾക്ക് പ്രത്യേക സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷൻ ദിനങ്ങളിൽ തത്സമയ സംപ്രഷണവും ഉണ്ടാകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഫാ. ജോസ് അരീച്ചിറ, വൈസ് ചെയർമാൻ ഫാ. അനീഷ് ചക്കിട്ടമുറി, കോ-ഓർഡിനേറ്റർ തോമസ് പടിഞ്ഞാറ്റുമാലി, സെക്രട്ടറി സജി മുളവനാൽ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ജിജി കിഴക്കേപ്പുറത്ത്, റോയി ആശാരിക്കുന്നേൽ എന്നിവർ പങ്കെടുത്തു.