കടുത്ത ചൂട്; കല്ലുമ്മക്കായ കൃഷി നശിക്കുന്നു
1539094
Thursday, April 3, 2025 2:02 AM IST
വലിയപറമ്പ്: ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ വിളവെടുക്കുന്ന കവ്വായി കായലിന്റെ വിവിധ മേഖലകളിൽ കൃഷി നാശം. കായലിലെ വെള്ളത്തിലുണ്ടായ മാറ്റവും കടുത്ത ചൂടുമാണ് ഇത്തവണ കർഷകർക്ക് തിരിച്ചടിയായത്. ആയിറ്റി, ഇടയിലെക്കാട്, മാടക്കാൽ തുടങ്ങിയ ഭാഗങ്ങളിലെ കർഷകരും കൂട്ടായ്മകളും ഇറക്കിയ കവ്വായി കായലിലെ കൃഷിയിലാണ് കർഷകരെ കണ്ണീരിലാഴ്ത്തി നാശമുണ്ടായത്.
ഏറ്റവും കൂടുതൽ കല്ലുമ്മക്കായ വിളയിച്ചെടുക്കാറുള്ള കവ്വായി കായലിലെ വലിയപറമ്പ്, തൃക്കരിപ്പൂർ ഭാഗങ്ങളിലെ തീരത്തിലെ വെള്ളത്തിലുണ്ടായ മാറ്റമാണ് കല്ലുമ്മക്കായ വാ പിളർന്ന് നശിക്കാൻ പ്രധാന കാരണമായത്. കടുത്ത ചൂടും വില്ലനായി. മഴ തീരെ ലഭിക്കാത്തതും കൃഷി നാശത്തിന് കാരണമായി.
കാലാവസ്ഥയിലെ മാറ്റം ചിലപ്പോഴൊക്കെ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും വേനൽ കാഠിന്യത്തിൽ കായലിലെ വെള്ളത്തിന്റെ ചൂട് അപ്രതീക്ഷിതമായി. ഇത്തവണ സാധാരണയായി പെയ്യാറുള്ള വേനൽ മഴ ഇല്ലാതായതും കല്ലുമ്മക്കായ നശിക്കാനിടയാക്കി.
കായലിലെ മുളന്തണ്ടുകളിൽ കയറിൽ തുണി തുന്നി വിത്തിറക്കിയാണ് കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് വെള്ളത്തിന്റെ മാറ്റവും ചൂടും മൂലം കല്ലുമ്മക്കായ വാപിളർന്ന് പലേടങ്ങളിലും നശിച്ചത്.
ചൂട് നിയന്ത്രിച്ചു നിർത്താനും തണുപ്പിക്കാനുമായി വേനൽമഴ പെയ്തുമല്ല. ആയിറ്റി, ഇടയിലെക്കാട്, മാടക്കാൽ തുടങ്ങിയ മേഖലകളിലെ കല്ലുമ്മക്കായ കൃഷിയാണ് കൂടുതലായും നശിച്ചത്. ഒരു കയറിൽ 150 ൽപ്പരം കായകൾ വിളവെടുത്തിരുന്ന പ്രദേശത്ത് ഇത്തവണ വിരലിലെണ്ണാൻ പോലും കല്ലുമ്മക്കായ കർഷകർക്ക് ലഭിച്ചില്ല.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കല്ലുമ്മക്കായ കർഷകർ പറഞ്ഞു. ബാങ്ക് വായ്പയെടുത്തും ആഭരണങ്ങൾ പണയം വച്ചും കൃഷി ഇറക്കി തിരിച്ചടി നേരിട്ട കർഷകർക്കും വിവിധ കൂട്ടായ്മകൾക്കും സർക്കാർ ഏജൻസികൾ വഴി നഷ്ടപരിഹാരം നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.