എല്‍ബിഎസ് കോളജ് പ്രോജക്ടുകള്‍ക്ക് മദ്രാസ് ഐടിയുടെയും എ.പി.ജെ.അബ്ദുള്‍ കലാം യൂണിവേഴ്സിറ്റിയുടെയും ധനസഹായം
1537516
Saturday, March 29, 2025 1:56 AM IST
കാസര്‍ഗോഡ്: മദ്രാസ് ഐഐടി വിപ്രോ ഫൗണ്ടേഷനുമായി സഹകരിച്ച് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന ഐഡിയസ് ടു ഇംപാക്ട് ചലഞ്ച് മത്സരത്തിലേക്ക് കാസര്‍ഗോഡ് എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം സമര്‍പ്പിച്ച രണ്ടു പ്രോജക്ടുകളും 50,000 രൂപ വീതമുള്ള ധനസഹായത്തിന് അര്‍ഹമായി.
അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍ കേരളത്തിലെ കോളജുകള്‍ സമര്‍പ്പിച്ച മൊത്തം പ്രോജക്ടുകളില്‍ കാസര്‍ഗോഡ് എല്‍ബിഎസ് എന്‍ജിനിയറിംഗ് അവതരിപ്പിച്ച രണ്ടു പ്രോജക്ടുകള്‍ മാത്രമാണ് ധനസഹായത്തിന് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഈ നേട്ടത്തിന് തിളക്കമേകി. ഡ്രോണിന്റെ സഹായത്താല്‍ വൈദ്യുതി വിതരണശൃംഗലയിലെ താപചിത്രമെടുക്കാനും അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ അപഗ്രഥിച്ച് കേടുപാടുകള്‍ നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു പ്രോജക്ടും ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ പുനരുപയോഗവുമായി ബന്ധപ്പെട്ട ചാര്‍ജിംഗ് സംവിധാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള രണ്ടാമത്തെ പ്രോജക്ടും വിദഗ്ധസമിതിയുടെ പ്രശംസ പിടിച്ചു പറ്റി.
ആദ്യത്തെ പ്രോജക്ട് ഡോ.എം.കണ്ണൻ, പ്രഫ.അരുണ്‍ എസ്.മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പി.അര്ജുന്, എസ്.ശ്രീറാം, ടി.എസ്.ഹരികൃഷ്ണ, ഫാത്തിമ സഹ്റ എന്നീ വിദ്യാര്‍ത്ഥികളും രണ്ടാമത്തെ പ്രോജക്ട് ഡോ.വി.ഷീജ, പ്രഫ.ബേബി സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ അബ്ദുള്ള ഹനാന്, ആദില്‍ സിദാന്, എ എസ്.നന്ദന, സി.റിതിക എന്നീ വിദ്യാര്‍ഥികളുമാണ് വികസിപ്പിച്ചത്.
കൂടാതെ എ.പി.ജെ.അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്കായി നല്‍കിവരുന്ന സിഇആര്‍ ഡി ഫണ്ടിംഗ് ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തന്നെ മറ്റു രണ്ടുടീമുകള്‍ക്കും ലഭ്യമായി. ഡോ. അസീമിന്റെ നേതൃത്വത്തില്‍, എ.വി.ആതിര, വി.പ്രത്യുരാജ്, വി.അജയ്കൃഷ്ണന്, ആകാശ് ബാബു, വൈഷ്ണവി പ്രേം, ആര്.കെ.രമിത് എന്നീ വിദ്യാര്‍ഥികളും പ്രഫ.എം.ജയകുമാറിന്റെ നേതൃത്വത്തില്‍ ഇ.വി.അഭിനന്ദ്, കെ.കെ.അഭിനവ്, എം.അര്ജുന്, പി.വി.ദൃശ്യ എന്നീ വിദ്യാര്‍ഥികളുമാണ് ഫണ്ടിംഗിന് അര്‍ഹരായത്.