സര്‍ക്കാര്‍ ഓഫീസുകളിലെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് പിഴ ചുമത്തി
1537518
Saturday, March 29, 2025 1:56 AM IST
കാസര്‍ഗോഡ്: ജില്ലാ ആസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തിയ ചടങ്ങില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളായ പ്ലേറ്റ്, ഗ്ലാസ്, കുപ്പിവെള്ളം എന്നിവ ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്ലാസ്റ്റിക് മാലിന്യ നിരോധന ചട്ടവും സര്‍ക്കാര്‍ ഉത്തരവുമനുസരിച്ച് 10,000 രൂപ പിഴ ചുമത്തി. വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും സ്കൂളുകളിലും പരിശോധന നടത്തി.
നിരോധിത പ്ലേറ്റ്, ഗ്ലാസ്, തുടങ്ങിയവ വില്പന നടത്തുന്നത് കണ്ടെത്തിയാല്‍ സാധനം കണ്ടുകെട്ടുകയും ചുരുങ്ങിയത് 10,000 രൂപ പിഴ ചുമത്തി വരികയും ചെയ്യുന്നുണ്ട്. മൊഗ്രാല്‍ പുത്തൂരിലെ ബാരിക്കോട് ക്വാര്‍ട്ടേഴ്സിലും, സിലോണ്‍ കോര്‍ട്ടേഴ്സിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും കത്തിക്കുകയും ചെയ്തത് കണ്ടെത്തിയതിനാല്‍ ഉടമകള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തി.
എരിയാലിലെ എ.ബി. കോര്‍ട്ടേഴ്സില്‍ നിന്നുള്ള മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് കെട്ടിട ഉടമയ്ക്ക് 5000 രൂപ പിഴ നല്‍കുകയും രണ്ടുദിവസത്തിനകം പുതിയ സോക്ക് പിറ്റ് നിര്‍മിച്ച് മലിനജലം സംസ്കരിക്കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ആനച്ചാല്‍ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും ബെസ്റ്റോ ബേക്കറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ തൊട്ടടുത്ത പറമ്പില്‍ കൂട്ടിയിട്ടതിനും പിഴ ചുമത്തിയിട്ടുണ്ട്.