അവധിക്കാലത്ത് വായനാവെളിച്ചമൊരുക്കാൻ താലൂക്ക് ലൈബ്രറി കൗൺസിൽ
1538067
Sunday, March 30, 2025 7:37 AM IST
കാഞ്ഞങ്ങാട്: അവധിക്കാലത്ത് കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് അക്ഷരലോകത്തേക്ക് നയിക്കാന്‍ വായനാവെളിച്ചം പരിപാടിയുമായി ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍. മൊബൈല്‍ ഫോണുകള്‍ക്കും ടാബുകള്‍ക്കും മീതെ അടയിരിക്കേണ്ടതല്ല കുട്ടിക്കാലവും അവധിക്കാലവുമെന്ന സന്ദേശമുയർത്തിയാണ് തുടർച്ചയായ മൂന്നാം വർഷവും പരിപാടി നടപ്പാക്കുന്നത്.
വായനാവെളിച്ചം പരിപാടിയുടെ ഭാഗമായി താലൂക്കിലെ 235 ഗ്രന്ഥശാലകളിലും കുട്ടികളുടെ വായനക്കൂട്ടങ്ങൾ രൂപീകരിച്ച് അവർക്കിടയിൽ പുസ്തകങ്ങള്‍ വിതരണം ചെയ്യും. ഓരോ കുട്ടിയും അവരവർക്ക് കിട്ടുന്ന പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പെഴുതി തൊട്ടടുത്ത ആഴ്ചയിലെ വായനക്കൂട്ടത്തില്‍ അവതരിപ്പിക്കണം. വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കിക്കൊണ്ട് ലഘുനാടകം, ഏകപാത്ര നാടകം, റീഡിംഗ് തിയറ്റര്‍, മൈം, കഥാപ്രസംഗം, ചിത്രരചന, മോണോആക്ട്, റീല്‍സ്, വീഡിയോകള്‍ തുടങ്ങിയവയും അവതരിപ്പിക്കാം. കുട്ടികള്‍ക്ക് സാഹിത്യകൃതികളുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് യാത്രകൾ നടത്താനും അവസരമൊരുക്കും.
നാട്ടിൽ തന്നെയുള്ള കടലോരങ്ങളിലും കായലിന്റെയോ പുഴയുടെയോ ഓരങ്ങളിലും കാവുകള്‍, കുന്നുകള്‍, തുരുത്തുകള്‍, കുളപ്പടവുകള്‍ തുടങ്ങിയ ഇടങ്ങളിലും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കും ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുമൊപ്പം ഒത്തുചേരാനും പരിപാടികൾ അവതരിപ്പിക്കാനും ചർച്ചകൾ നടത്താനും അവസരമൊരുക്കും.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് വായിക്കാൻ കൊടുക്കുന്നതിനായി താരതമ്യേന ലളിതവും പെട്ടെന്ന് വായിച്ചു തീരുന്നവയുമായ അമ്പതോളം പുസ്തകങ്ങളുടെ പട്ടിക താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.
ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഏപ്രില്‍, മെയ് മാസങ്ങളിലായി കുട്ടികളുടെ വായനക്കൂട്ടങ്ങളുടെ ചുരുങ്ങിയത് എട്ട് കൂടിച്ചേരലുകളെങ്കിലും നടക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ഗ്രന്ഥശാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വായന വെളിച്ചം കണ്‍വീനര്‍മാര്‍ക്ക് താലൂക്കിലെ നാല് കേന്ദ്രങ്ങളിലായി പരിശീലനം നല്‍കിയിട്ടുണ്ട്.പരിപാടിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർതതനം കാഴ്ചവയ്ക്കുന്ന ഗ്രന്ഥശാലകള്‍, കണ്‍വീനര്‍മാര്‍, തനതായതും വേറിട്ടതും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങള്‍, മികച്ച ഡോക്യുമെന്റേഷനുകള്‍ എന്നിവയ്ക്ക് താലൂക്ക് തലത്തില്‍ പുരസ്കാരങ്ങള്‍ നല്‍കും.
ഈ വർഷത്തെ വായനാവെളിച്ചം പരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് വൈകിട്ട് 3.30 ന് പള്ളിക്കര പീപ്പിള്‍സ് റീഡിംഗ് റൂം ആന്റ്് ലൈബ്രറിയില്‍ എഴുത്തുകാരൻ അംബികാസുതന്‍ മാങ്ങാട് നിർവഹിക്കും.