ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ സദസുമായി വലിയപറമ്പ് നിവാസികൾ
1538070
Sunday, March 30, 2025 7:37 AM IST
വലിയപറമ്പ്: കവ്വായി കായലിന്റെയും കടലിന്റെയും മനോഹാരിത നുകരാൻ ദൂരദേശങ്ങളിൽ നിന്നു പോലും സഞ്ചാരികളെത്തുന്ന വലിയപറമ്പ് ദ്വീപിൽ മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഉപയോഗമില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വലിയപറമ്പ് കെജിഎം സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസൊരുക്കി.
ജീവിതമാണ് ലഹരിയെന്നും അതിനോളമെത്തുന്ന മറ്റൊരു ലഹരിയുമില്ലെന്നുമുള്ള സന്ദേശമാണ് സദസ്സിൽ മുഴങ്ങിക്കേട്ടത്. ക്ലബിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെയും മുന്നോടിയായാണ് ലഹരി വിരുദ്ധ സദസ് നടത്തിയത്. ചന്തേര പ്രിൻസിപ്പൽ എസ്ഐ കെ.പി.സതീഷ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഇ.കെ.ഷാജി അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം ലഹരിവിരുദ്ധ ക്ലാസെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ മധു കുളങ്ങര, കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ സി.കുമാരൻ, കൺവീനർ പി.പി.അശോകൻ, ജോയിന്റ് കൺവീനർ ടി.വി.ശശി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നാട്ടുകാർ ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു.