ഫിയസ്റ്റ പരപ്പ ഫെസ്റ്റിന് ഇന്ന് തുടക്കമാകും
1537517
Saturday, March 29, 2025 1:56 AM IST
പരപ്പ: പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് -2025 ന് ഇന്ന് വൈകിട്ട് നാലുമണിക്ക് വർണശബളമായ ഘോഷയാത്രയോടെ തുടക്കമാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർപേഴ്സണായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ചലച്ചിത്രതാരം അനുമോൾ എന്നിവർ മുഖ്യാതിഥികളാകും.
ഫെസ്റ്റിനോടനുബന്ധിച്ച് മെഗാ ഫ്ലവർ ഷോ, കാർഷിക പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം, ഫുഡ് കോർട്ട്, വിപണന സ്റ്റാളുകൾ, പുഷ്പഫല പ്രദർശനം, സെൽഫി സ്പോട്ട്, പൈതൃക മ്യൂസിയം, സർഗവിരുന്ന് തുടങ്ങി പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഫെസ്റ്റിന്റെ ഭാഗമായി പരപ്പ ടൗണിൽ ഒരുക്കിയ സംസാരിക്കുന്ന ചായക്കട ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
നാളെ മുതൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടക്കും. എല്ലാ ദിവസവും വൈകിട്ട് പ്രാദേശിക കലാകാരന്മാർ നയിക്കുന്ന സർഗസന്ധ്യ അരങ്ങേറും. എല്ലാ ദിവസവും രാത്രി എട്ടിന് സംസ്ഥാനത്തെ പ്രമുഖ ട്രൂപ്പുകളുടെ സ്റ്റേജ് ഷോ നടക്കും. ഇന്ന് നാവോറ് നാട്ടുപാട്ടരങ്ങ്, നാളെ മെഗാ മ്യൂസിക്കൽ ലൈവ് ഷോ, 31 ന് നൂല് കൊണ്ട് മുറിവേറ്റവർ നാടകം, ഏപ്രിൽ ഒന്നിന് പെരുന്നാൾ നിലാവ് ഇശൽ ഗാനങ്ങൾ, രണ്ടിന് മ്യൂസിക്കൽ നൈറ്റ്, മൂന്നിന് നാട്ടുമൊഴി നാടൻപാട്ട് മേള, നാലിന് അലോഷി പാടുന്നു, അഞ്ചിന് ഡിജെ വാട്ടർ ഡ്രം നൈറ്റ്, ആറിന് റോക്ക് മ്യൂസിക്കൽ നൈറ്റ്, ഏഴിന് ഗസൽ സന്ധ്യ, എട്ടിന് ഫോക്ക് മെഗാ ഷോ നിറപ്പൊലിമ എന്നിവയാണ് പരിപാടികൾ.
ഫെസ്റ്റിന്റെ ലോഗോ രൂപകല്പന ചെയ്ത പി.എ. സ്റ്റെഫി, ചെങ്കോട്ടയുടെ രൂപത്തിൽ ഫെസ്റ്റിന്റെ പ്രവേശന കവാടം രൂപകല്പന ചെയ്ത ആനന്ദ് സാരംഗ്, കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണൻ, ഹ്രസ്വചിത്ര - മാധ്യമ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവർക്ക് ഉദ്ഘാടനച്ചടങ്ങിൽ അനുമോദനം നല്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ എം. ലക്ഷ്മി, ജനറൽ കൺവീനർ എ.ആർ. രാജു, വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ വിനോദ് പന്നിത്തടം, ചെയർമാൻ പാറക്കോൽ രാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.ആർ. വിജയകുമാർ എന്നിവർ സംബന്ധിച്ചു.