മുനമ്പം പാലത്തിന് ടെൻഡറാകുന്നു; മലയോരത്തുനിന്ന് ജില്ലാ ആസ്ഥാനത്തേക്ക് പുതുവഴി തെളിയും
1538069
Sunday, March 30, 2025 7:37 AM IST
ചട്ടഞ്ചാൽ: ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്റെ നിർമാണത്തിന് 17.70 കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് സാങ്കേതികാനുമതി നല്കി ടെൻഡർ വിളിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
പാലം യാഥാര്‍ഥ്യമാകുന്നതോടെ കാസർഗോഡ് താലൂക്കിന്റെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാൻ വഴിയൊരുങ്ങും. കാസര്‍ഗോഡ് നിന്ന് കുണ്ടംകുഴിയിലേക്ക് ദേശീയപാതയിലൂടെയോ എരിഞ്ഞിപ്പുഴ, കരിച്ചേരി പാലങ്ങൾ വഴിയോ 30 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കുന്നത് ഏതാണ്ട് പകുതിയായി കുറയും.
ജില്ലാ ആസ്ഥാനത്തു നിന്ന് മുന്നാട്, കുറ്റിക്കോല്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും ചുരുങ്ങിയ ദൂരത്തിൽ എത്താനാകും. ഇപ്പോൾ കാല്‍നടയാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ഒരു തൂക്കുപാലമാണ് മുനമ്പത്തുള്ളത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളും കൂടുതൽ തെളിയുമെന്നാണ് പ്രതീക്ഷ.