വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
1537730
Saturday, March 29, 2025 10:15 PM IST
തൃക്കരിപ്പൂർ: കെഎസ്ടിപി റോഡിൽ പള്ളിക്കര പൂച്ചക്കാട് ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
ചെറുവത്തൂർ കാടങ്കോട് സ്വദേശി എ.പി. മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ വിദ്യാർഥിയാണ്.
ഒപ്പം സഞ്ചരിച്ച സഹപാഠി ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റയിസിനും പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഫായിസ്.
സ്കൂട്ടറിൽ ലോറിയിടിച്ചപ്പോൾ ഫായിസ് കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.