നായിക്കയം സ്കൂളിന് സമീപം പട്ടാപ്പകല്‍ പുലിയിറങ്ങി
1537512
Saturday, March 29, 2025 1:56 AM IST
അട്ടേങ്ങാനം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ നായിക്കയത്ത് പട്ടാപ്പകല്‍ പുലിയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നായിക്കയം ജിഡബ്ല്യുഎല്‍പി സ്കൂളിനു സമീപമാണ് പുലിയിറങ്ങിയത്. ഈ സമയത്ത് സ്കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറുകയായിരുന്നു. കരുണാപുരം സെന്റ് ജൂഡ് ദേവാലയത്തിനും കോണ്‍വെന്റിനും സമീപത്തായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അന്ന എസ്റ്റേറ്റിന്റെ റബര്‍ തോട്ടത്തില്‍ നിന്നും ഇറങ്ങിവന്ന പുലി സ്കൂളിന്റെ പിറകുവശത്തോടെ കോണ്‍വെന്റിന്റെ പറമ്പില്‍ കയറുകയും റോഡ് മുറിച്ചുകടന്ന് മറ്റൊരു റബര്‍ തോട്ടത്തിലേക്ക് കയറുകയുമായിരുന്നു.
കോണ്‍വെന്റിലെ സിസ്റ്റര്മാര് പുലിയെ നേരിട്ട് കണ്ടു. നല്ല നീളമുള്ള പുലിയെയാണ് കണ്ടതെന്ന് സിസ്റ്റര്‍ വിന്‍സന്റ് പറഞ്ഞു. അട്ടേങ്ങാനത്ത് പുലി ഇന്നലെ രാവിലെ ഒരു വളര്‍ത്തുനായയെ കൊന്നുതിന്നിരുന്നു. വിവരം ഫോറസ്റ്റ് അധികൃതരെ വിളിച്ചറിയിച്ചപ്പോള്‍ പിന്നീട് വിളിക്കാമെന്നാണ് പറഞ്ഞതതെന്നും എന്നാല്‍ അവര്‍ സ്ഥലത്തെത്തിയില്ലെന്നും ഒന്നു തിരിച്ചുവിളിക്കാന്‍ പോലും തയാറായില്ലെന്നും വാര്‍ഡ് മെംബര്‍ പി.ഗോപി പറഞ്ഞു.
അട്ടേങ്ങാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ മൂന്നുമാസമായി പലതവണ പുലിയിറങ്ങിയിട്ടുണ്ട്. രണ്ടുതവണ ഇവിടുത്തെ കര്‍ഷകരുടെ ആടുകളെ പുലി കൊന്നുതിന്നു. ഒന്നില്‍ കൂടുതല്‍ പുലികള്‍ ഇവിടെ സ്വൈരവിഹാരം നടത്തുന്നുണ്ട്. മുമ്പ് സന്ധ്യ മയങ്ങികഴിയുമ്പോഴാണ് പുലികള്‍ ഇരതേടിവരുന്നതെങ്കില് ഇപ്പോള്‍ പട്ടാപ്പകല്‍ പോലും ഇറങ്ങുന്ന സ്ഥിതിയായിട്ടുണ്ട്.
പുലിഭീതിയെതുടര്ന്ന് പ്രദേശത്തെ മിക്ക റബര്‍ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.പ്രദേശത്തെ പുലിസാന്നിധ്യത്തെ വനംവകുപ്പ് അധികൃതര്‍ നിസാരവത്കരിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. ഒരു കാവേരിക്കുളത്ത് കാമറ വെച്ചതുമാത്രമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഏക നടപടി. ഒരിടത്തുപോലും കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയാറായിട്ടില്ല. ബേഡഡുക്ക പഞ്ചായത്തില്‍ കൂട് സ്ഥാപിച്ചതുകൊണ്ടാണ് രണ്ടു പുലികളെ പിടിക്കാന്‍ കഴിഞ്ഞത്.
പുല്ലൂര്‍-പെരിയ, മടിക്കൈ പഞ്ചായത്തുകളില്‍ കാണപ്പെട്ടതും ഇതേ പുലികളെ തന്നെയാണെന്നാണ് കരുതപ്പെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന പുലികളെ പിടികൂടാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.