വില കൂടി: ജില്ലയിൽ അടയ്ക്ക മോഷണവും വ്യാപകമാകുന്നു
1538065
Sunday, March 30, 2025 7:37 AM IST
മഞ്ചേശ്വരം: അടയ്ക്കയുടെ വില ഉയർന്നുനില്ക്കുന്നതിനു പിന്നാലെ ജില്ലയിൽ അടയ്ക്കാ മോഷണവും വ്യാപകമാകുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടലമൊഗരുവിൽ കഴിഞ്ഞ ദിവസം മൂന്ന് ക്വിന്റലോളം അടയ്ക്കയാണ് മോഷണം പോയത്.
വീടിന്റെ ജനൽ പൊളിച്ച് അകത്തുകടന്നാണ് ചാക്കുകളിൽ കെട്ടിവച്ചിരുന്ന അടയ്ക്ക കവർന്നതെന്ന് ഉടമ ലോകേഷ് റൈ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ ആമ്പിലാടിയിൽ കെട്ടിടത്തിനകത്ത് ഉണക്കി സൂക്ഷിച്ചിരുന്ന അടയ്ക്ക മോഷണം പോയിരുന്നു. വില ഉയർന്നുനില്ക്കുമ്പോഴും ഉല്പാദനക്കുറവ് മൂലം ബുദ്ധിമുട്ടുന്നതിനിടയിലാണ് കർഷകർക്ക് മോഷ്ടാക്കൾക്കെതിരെയും ജാഗ്രത പാലിക്കേണ്ട സ്ഥിതിയായിരിക്കുന്നത്.