ഈസ്റ്റ് എളേരി പഞ്ചായത്തിൽ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി
1538071
Sunday, March 30, 2025 7:37 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിനെ മാലിന്യമുക്തവും വലിച്ചെറിയൽ മുക്തവുമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസഫ് മുത്തോലിയാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് മുന്നോടിയായി ചിറ്റാരിക്കാൽ ടൗണിൽ വിളംബര ഘോഷയാത്രയും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, കെ.കെ.മോഹനൻ, മേഴ്സി മാണി, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി എസ്.എൻ.പ്രമോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ.സ്റ്റാൻസി എന്നിവർ നേതൃത്വം നല്കി.
പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ, എസ്പിസി, എൻസിസി വോളണ്ടിയർമാർ, വ്യാപാരികൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള ആളുകൾ അണിനിരന്നു. പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ശുചിത്വ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പ്രശാന്ത് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു.
തോമപുരം സെന്റ് തോമസ് എൽപി സ്കൂൾ, ചിറ്റാരിക്കാൽ വ്യാപാരഭവൻ, കടുമേനി സെന്റ് മേരീസ് ഓഡിറ്റോറിയം, സർക്കാർ സ്ഥാപനങ്ങളിൽ ചിറ്റാരിക്കാൽ കുടുംബരോഗ്യകേന്ദ്രം, ടൗണുകളുടെ വിഭാഗത്തിൽ പാലാവയൽ, കടുമേനി, കമ്പല്ലൂർ ടൗണുകൾ, വാർഡുകളിൽ ഏഴാം വാർഡ്, വ്യക്തിഗത വിഭാഗത്തിൽ ജോസ് പ്രകാശ്, വായനശാലകളുടെ വിഭാഗത്തിൽ പാലാവയൽ സമഭാവന വായനശാല എന്നിവർക്ക് പ്രശംസാപത്രം നല്കി.