വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്: ലക്ഷ്യം സമഗ്രവികസനം
1537175
Friday, March 28, 2025 12:53 AM IST
ഭീമനടി:സമഗ്രവികസനം ലക്ഷ്യമിട്ട് വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്. 34,48,56,100 രൂപ വരവും 34,06,93,986 രൂപ ചെലവും 41, 62,114 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ അവതരിപ്പിച്ചത്.
ദാരിദ്ര്യലഘൂകരണം, ശിശുക്കൾ, വയോധികർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റീവ് കെയർ, മാലിന്യ നിർമാർജന പരിപാടികള്‍, കൃഷി മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഏർപ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ തൊഴിലും, വരുമാനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, സ്ത്രീശാക്തീകരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനം, വിവിധ സാമൂഹിക സുരക്ഷിതത്വ പെൻഷനുകള്‍ നൽകുന്നതിനും, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനും പട്ടിക ജാതി പട്ടികവർഗ്ഗ മേഖലയിലെ ഉന്നമനത്തിന്ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള വിധം ഫണ്ട് വകയിരുത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ഇസ്മായില്‍ അറിയിച്ചു.
റോഡു നിർമാണം, അറ്റകുറ്റപണി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ബജറ്റില്‍ ആവശ്യമായ വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയില്‍ ലൈഫ് പദ്ധതി, പിഎംഎവൈ, പുറമെ ലഹരിമുക്ത വെസ്റ്റ് എളേരി, ഹാപ്പി ലൈഫ്, ഷെയ്ക്ക് ഹാന്റ് വെസ്റ്റ് എളേരി തുടങ്ങിയ നൂതന പദ്ധതികളും നടപ്പിലാക്കുന്നതിന് ആവശ്യമായ പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട്.