ബളാൽ പഞ്ചായത്ത് ബജറ്റ്: ഭവനനിർമാണത്തിന് മുൻഗണന
1537171
Friday, March 28, 2025 12:53 AM IST
വെള്ളരിക്കുണ്ട്: ഭവനരഹിതരായ ആളുകൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുൻഗണന നൽകി ബളാൽ പഞ്ചായത്ത് ബജറ്റ്. 31.85 കോടി വരവും 23.26 കോടി ചെലവും 23.26 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എം.രാധാമണി അവതരിപ്പിച്ചത്.
ലൈഫ് പിഎംഎവൈ എന്നീ ഭവനപദ്ധതികളിൽ പഞ്ചായത്ത് വിഹിതം ഉൾപ്പെടുത്തി 3.19 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.പട്ടികവർഗ വികസനത്തിനു വേണ്ടി പട്ടികവർഗ ഭവനപദ്ധതികൾക്കും പാവപ്പെട്ട പട്ടികവർഗ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, വാട്ടർ ടാങ്ക്, കട്ടിൽ എന്നിവയുടെ വിതരണത്തിനായി 1.4 കോടി രൂപയും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന വെള്ളരിക്കുണ്ട് നഗരഹൃദയത്തിൽ പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി മൂന്നു നില കളിലായി നിർമിക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന് 4.60 കോടി രൂപയും ബളാൽ ടൗണിലെ കമ്യൂണിറ്റി ഹാൾ നിർമാണത്തിനായി 90 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി 30.58 ലക്ഷം രൂപയും കൊന്നക്കാട് കോട്ടഞ്ചേരി ഹിൽസ് ഇക്കോടൂറിസം പദ്ധതിക്കായി 36 ലക്ഷം, പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി 5.51 കോടി രൂപയും വകയിരുത്തി.
കനകപ്പള്ളിയിൽ നിർമിക്കുന്ന വാതകശ്മശാനത്തിനായി 65 ലക്ഷം രൂപയും നവ കേരളം കർമപദ്ധതിയുടെ ഭാഗമായി എടത്തോട്, വെള്ളരിക്കുണ്ട്, മാലോം, കൊന്നക്കാട് എന്നിവിടങ്ങളിലെ ഹരിതം പദ്ധതിക്കായി 18 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 36 ലക്ഷം, ക്ഷീരകർഷകർക്ക് സബ്സിഡി, കാലിത്തീറ്റ എന്നിവ നൽകുന്നതിനായി 15 ലക്ഷം, മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനായി 3.60 ലക്ഷം രൂപയും വയോജനക്ഷേമത്തിനായി 24 ലക്ഷം രൂപയും മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി 12 ലക്ഷം, ആരോഗ്യ സംരക്ഷണത്തിനായി 45.5 ലക്ഷം, വനിതാക്ഷേമത്തിനായി 38.5 ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 20 ലക്ഷം, ഊർജമേഖലയ്ക്ക് എട്ടു ലക്ഷം അങ്കണവാടികളുടെ വികസനത്തിന് 14 ലക്ഷം, പ്രൈമറി വിദ്യാലയങ്ങളുടെ വികസനത്തിന് 14 ലക്ഷം, ദാരിദ്ര്യനിർമാർജനത്തിനായി 3.5 ലക്ഷം പട്ടികജാതി വികസനത്തിനായി 5.5 ലക്ഷം കലാകായിക മത്സരപ്രോത്സാഹനത്തിനായി 1.5 ലക്ഷവും ബജറ്റിൽ വകയിരുത്തി.