കോസ്റ്റൽ സൈക്ലത്തോണിന് വരവേൽപ്പ്
1537173
Friday, March 28, 2025 12:53 AM IST
തൃക്കരിപ്പൂർ: കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ സുരക്ഷിത തീരം, സമൃദ്ധ രാജ്യം എന്ന സന്ദേശവുമായി സംഘടിപ്പിച്ച കോസ്റ്റൽ സൈക്ലത്തോണിന് തൃക്കരിപ്പൂർ മേഖലയിൽ വരവേൽപ്പ്. തൃക്കരിപ്പൂർ അഗ്നി രക്ഷാ സേന അംഗങ്ങൾ, ചന്തേര പോലീസ്, തൃക്കരിപ്പൂർ ഗവ.പോളി ടെക്നിക് കോളജ് അധികൃതർ, തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് ഭാരവാഹികൾ ഉൾപ്പെടെ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ സ്വീകരണമൊരുക്കി.
ഈ മാസം ഏഴിന് ഗുജറാത്തിലെ ലഖ്പത് എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്ര ഇന്നലെ മംഗളുരു വഴി കാസർഗോഡ് ജില്ലയിൽ പ്രവേശിച്ച് വൈകുന്നേരത്തോടെ കണ്ണൂർ ജില്ലയിലേക്ക് കടന്നു. 14 വനിതകൾ ഉൾപ്പെടുന്ന മറ്റൊരു സംഘം പശ്ചിമ ബംഗാളിലെ ബക്കാലിയിൽ നിന്നാണ് സൈക്കിളിൽ പുറപ്പെട്ടിട്ടുള്ളത്. 6553 കിലോമീറ്റർ തീരദേശമാണ് ഇരുടീമുകളും 25 ദിവസം കൊണ്ട് പിന്നിടുന്ന ദൂരം. ടീം ലീഡർ സായി നായ്ക്കിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കൊച്ചിയിലേക്ക് യാത്ര തുടരുന്നത്. കൊ ച്ചിയിൽ എത്തിയതിനു ശേഷം വിവിധ തീര പ്രദേശങ്ങൾ സഞ്ചരിച്ചു ആലപ്പുഴ വഴി കൊല്ലത്തും തുടർന്ന് കന്യാകുമാരിയിലും എത്തുന്ന തരത്തിലാണ് ക്രമീകരണം.
പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഡോ.ഭാഗ്യശ്രീദേവി, സീനിയർ സൂപ്രണ്ട് ഐൻ.പി. സൈനുദ്ദീൻ, തൃക്കരിപ്പൂർ ഫയർ ഓഫീസർ കെ.വി.പ്രഭാകരൻ,തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി.ഇബ്രാഹിം, മുഹമ്മദലി കുനിമ്മൽ, അബ്ദുല്ലക്കുട്ടി റോയൽ ഡെക്കർ, മുസ്തഫ മാത്താണ്ഡൻ, റഹ്മാൻ കാങ്കോൽ എന്നിവരുടെ നേതൃത്വത്തിലാണ് സൈക്ലത്തോൺ സംഘത്തിന് വരവേൽപ്പ് നൽകിയത്.