ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും നെഹ്റു കോളജിലേക്കുമുള്ള വഴിയടഞ്ഞു
1537510
Saturday, March 29, 2025 1:56 AM IST
പടന്നക്കാട്: നവീകരിച്ച ദേശീയപാതയുടെ പാർശ്വഭിത്തി വന്മതിലായി ഉയർന്നതോടെ പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും നെഹ്റു കോളജിലേക്കും കാർഷിക കോളജിലേക്കും നേരിട്ടുള്ള വഴികൾ അടയുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നെത്തി ദേശീയപാതയുടെ കിഴക്കുവശത്ത് ബസ്സിറങ്ങുന്നവർക്ക് ഇനി ഒരു കിലോമീറ്റർ അകലെ തോട്ടം ഗേറ്റിലുള്ള അടിപ്പാത കടന്നുമാത്രമേ ഇവിടങ്ങളിൽ എത്താനാകൂ.
നീലേശ്വരം ഭാഗത്തുനിന്ന് വരുന്നവർക്ക് കോളജുകൾക്കു മുന്നിലുള്ള സർവീസ് റോഡിൽ ഇറങ്ങാനാകും. രാവിലെയും വൈകിട്ടും വിദ്യാർഥികളുടെയും വാഹനങ്ങളുടെയും തിരക്കേറുമ്പോൾ തോട്ടം ഗേറ്റിലെ അടിപ്പാതയിൽ ഗതാഗതക്കുരുക്കിനുള്ള സാധ്യതയേറെയാണ്. ദേശീയപാതയുടെ രൂപരേഖയിൽ ഇനി മാറ്റംവരുത്താൻ കഴിയാത്തതിനാൽ നെഹ്റു കോളജിനു മുന്നിൽ ഒരു ഫുട്ട് ഓവർ ബ്രിഡ്ജ് എങ്കിലും അനുവദിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.
ഫുട്ട് ഓവർബ്രിഡ്ജ് അനുവദിക്കണം
നീലേശ്വരം: പുതിയ ദേശീയപാതയുടെ കിഴക്കുവശത്തുനിന്ന് പടന്നക്കാട് നെഹ്റു കോളജിലേക്കും ആയുർവേദ ആശുപത്രിയിലേക്കുമുള്ള വഴിയടയുന്ന സാഹചര്യത്തിൽ കോളജിന് മുന്നിൽ ഫുട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന് കോളജ് പിടിഎ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ ഡോ.കെ.വി. മുരളി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് വി.വി. തുളസി, ഡോ. കെ. ലിജി, ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ പ്രസംഗിച്ചു.