പുലിഭീതിയൊഴിയാതെ ബേഡഡുക്ക; വീണ്ടും വളർത്തുനായയെ ഇരയാക്കി
1537168
Friday, March 28, 2025 12:53 AM IST
കുണ്ടംകുഴി: രണ്ടു പുലികളെ കൂടുവച്ചു പിടിച്ചിട്ടും ബേഡഡുക്ക പഞ്ചായത്തിൽ പുലിഭീതി ഒഴിയുന്നില്ല. ബുധനാഴ്ച രാത്രി കുണ്ടംകുഴിക്ക് സമീപം ഗദ്ദെമൂലയിലെ സുരേന്ദ്രന്റെ വളർത്തുനായയാണ് പുലിയുടെ ഇരയായത്. കെട്ടിയിട്ടിരുന്ന നായയെ രാവിലെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോൾ വീട്ടുപറമ്പിലെ തെങ്ങിൻകുഴിയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
രണ്ടു പുലികൾ നേരത്തേ കെണിയിൽ പെട്ടും കിണറ്റിൽ വീണും ചാവുകയും മറ്റു രണ്ടെണ്ണം കൂട്ടിൽ കുടുങ്ങുകയും ചെയ്തതോടെ പ്രദേശത്തെ പുലിശല്യത്തിന് തത്കാലത്തേങ്കിലും ഇടവേളയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കർണാടക വനത്തിൽ നിന്നെത്തി ജനവാസമേഖലകൾക്കു സമീപം തമ്പടിച്ച പുലികളുടെ എണ്ണം വനംവകുപ്പ് കണക്കുകൂട്ടിയതിലും അധികമാണെന്നാണ് ഇപ്പോഴത്തെ സൂചന. അയൽ പഞ്ചായത്തായ മുളിയാറിലും കുട്ടികളുൾപ്പെടെ ഒന്നിലേറെ പുലികൾ ഇപ്പോഴുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.