വഴിതെറ്റാനല്ല, വായിച്ചു വളരാനാണ് അവധിക്കാലം
1537172
Friday, March 28, 2025 12:53 AM IST
പാലാവയൽ: പുതുതലമുറകളെ വഴിതെറ്റിക്കാൻ സൈബറിടങ്ങൾ ചതിക്കുഴികളൊരുക്കി കാത്തിരിക്കുമ്പോൾ ഈ അവധിക്കാലത്ത് നിങ്ങൾ എത്ര പുസ്തകങ്ങൾ വായിക്കുമെന്ന ചോദ്യവുമായാണ് ഈസ്റ്റ് എളേരി പഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും കുട്ടികൾക്കു മുന്നിലെത്തുന്നത്. പുസ്തകങ്ങളെ കൂട്ടുകാരാക്കി അറിവും വിനോദവും ഒന്നിച്ചനുഭവിക്കാനുള്ള അവസരമാണ് പഞ്ചായത്തിലെ 13 ഗ്രന്ഥശാലകൾവിദ്യാർഥികൾക്ക് മുന്നിലൊരുക്കുന്നത്.
മധ്യവേനലവധിക്കാലത്ത് പഞ്ചായത്തിലെ കുട്ടികൾക്കായി നടത്തുന്ന വായന ചാലഞ്ചിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാലാവയൽ സമഭാവന വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ബാലസാഹിത്യകാരൻ ജോസ് പ്രസാദ് മുഖ്യാതിഥിയായി. സമഭാവന വായനശാല പ്രസിഡന്റ് ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. ഗോവിന്ദൻ, വായന ചാലഞ്ച് മെന്റർ സന്തോഷ് ചിറ്റടി, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി.ഡി.വിനോദ്, വായനശാല സെക്രട്ടറി ടി.ആർ.രാമകൃഷ്ണൻ, സിസ്റ്റർ ക്ലറിൻ, മിനി പ്രവീൺ എന്നിവർ പ്രസംഗിച്ചു.
അവധിക്കാല വായനാ ചാലഞ്ചിന്റെ രണ്ടാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. ഗോൾഡൻ, പ്ലാറ്റിനം, ഡയമണ്ട് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചാലഞ്ചുകൾ കുട്ടികൾക്ക് തെരഞ്ഞെടുക്കാം. വായിക്കുന്ന പുസ്തകങ്ങൾക്ക് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി ഗ്രന്ഥശാലകളിലെത്തിക്കണം. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 430 കുട്ടികൾ ഇതിനകം ചാലഞ്ചിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.
ചാലഞ്ച് വിജയകരമായി പൂർത്തീകരിക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്കും. ഏറ്റവും കൂടുതൽ കുട്ടികൾ ചാലഞ്ച് പൂർത്തിയാക്കുന്ന ഗ്രന്ഥശാലയ്ക്കും വിദ്യാലയത്തിനും മലയോരത്തെ ജനകീയ ഗ്രന്ഥശാല പ്രവർത്തകനായിരുന്ന മാത്യു മാഞ്ഞൂരിന്റെ പേരിൽ പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.