വനഭൂമിക്ക് പകരം കോട്ടഞ്ചേരിയിലെ ഭൂമി കൈമാറാൻ മന്ത്രിസഭയുടെ അനുമതി
1511553
Thursday, February 6, 2025 1:47 AM IST
വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാല്‍ റീച്ചിന്റെ വികസനത്തിനായി ആവശ്യമുള്ള 4.332 ഹെക്ടര്‍ വനഭൂമിക്ക് പകരമായി വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജിൽ കോട്ടഞ്ചേരി വനമേഖലയുടെ ഉള്ളിലുള്ള റവന്യൂഭൂമി വനംവകുപ്പിന് കൈമാറാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
ഈ ഭൂമിയുടെ വിവരങ്ങൾ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ പര്യാവരൺ പോർട്ടലിൽ അപ്ലോഡ് ചെയ്ത് അംഗീകാരം നേടിയ ശേഷം സംസ്ഥാന വനം വകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്തു നല്‍കും.
എടപ്പറമ്പ്-കോളിച്ചാൽ റീച്ചിന്റെ വികസനത്തിന് വനഭൂമി വിട്ടുകിട്ടണമെങ്കിൽ പകരം അത്രയും തന്നെ ഭൂമി വനംവകുപ്പിന് കൈമാറേണ്ടതുണ്ട്. നേരത്തേ ഇതിനായി ഭീമനടി വില്ലേജിൽ കമ്മാടം കാവിനോടുചേർന്ന റവന്യൂ ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ സ്ഥലം നേരത്തേ ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന വനഭൂമിക്ക് പകരം വനംവകുപ്പിന് കൈമാറാൻ തീരുമാനിച്ചിരുന്നതായിരുന്നു. തൃശൂർ ജില്ലയിൽ കുതിരാൻ തുരങ്കനിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത വനഭൂമിക്ക് പകരവും ഇതേ സ്ഥലത്തുനിന്ന് റവന്യൂഭൂമി കൈമാറിയിരുന്നു. ഇനിയും കൈമാറാൻ ഇവിടെ റവന്യൂഭൂമി ലഭ്യമല്ലെന്നു വന്നതോടെയാണ് പകരം കോട്ടഞ്ചേരിയിലെ ഭൂമി കണ്ടെത്തിയത്. ഈ ഭൂമി വനത്താൽ ചുറ്റപ്പെട്ടതിനാൽ റവന്യൂ ഭൂമിയെന്ന നിലയിൽ മറ്റു തരത്തിൽ പ്രയോജനപ്പെടുത്താനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കാത്ത നിലയിലായിരുന്നു.
ഈ ഭൂമി വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് എടപ്പറമ്പ്-കോളിച്ചാൽ റീച്ചിലെ വനഭൂമിയിൽ ഉൾപ്പെട്ട റോഡുകളുടെ നിർമാണവും പള്ളഞ്ചിയിലെ രണ്ടു പാലങ്ങളുടെ നിർമാണവും ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.