സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമായി
1511547
Thursday, February 6, 2025 1:47 AM IST
കാഞ്ഞങ്ങാട്: സിപിഎം ജില്ലാസമ്മേളനത്തിന് കാഞ്ഞങ്ങാട്ട് തുടക്കമായി. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് പി. കരുണാകരന് പതാക ഉയര്‍ത്തി. പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. എം. സുമതി രക്തസാക്ഷി പ്രമേയവും എം. രാജഗോപാലന്‍ എംഎല്‍എ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംഘാടകസമിതി ചെയര്മാന് വി.വി. രമേശന് സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, പി.കെ. ബിജു, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണന് എംഎല്‍എ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. ജയരാജന്, എം.വി. ജയരാജന്, കെ.പി. സതീഷ് ചന്ദ്രന്, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനം നാളെ സമാപിക്കും.
വന്യമൃഗശല്യത്തിന്
ശാശ്വതപരിഹാരം വേണമെന്ന്
ജില്ലയില്‍ സമീപകാലത്ത് രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ ശാശ്വതമായ ഇടപെടല്‍ വേണമെന്ന് സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം വന്യജീവി അക്രമണം വര്‍ധിച്ചിരിക്കുകയാണ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, മയില്‍ തുടങ്ങി വന്യജീവികള്‍ക്കൊപ്പം അടുത്ത കാലത്തായി പുലിയുടെ സാന്നിധ്യവും മലയോര മേഖലയിലെ ജനങ്ങളില്‍ ഭീതി ഉളവാക്കുകയാണ്. വര്‍ധിച്ചുവരുന്ന വന്യജീവിആക്രമണം സാധാരണ മനുഷ്യര്‍ക്ക് അവരുടെ കൃഷി ഇടങ്ങളിലും വാസ സ്ഥലങ്ങളിലും നില്ക്കാന് കഴിയാത്ത സ്ഥിതിയാണുളവാക്കുന്നത്. ജീവനോപാധി തന്നെ വലിയ പ്രതിസന്ധി ഉളവാക്കുകയാണ്.
122 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് കാസര്‍ഗോഡുള്ളത്. കൃഷി ഭൂമിയും മനുഷ്യവാസ മേഖലകളും വനഭൂമിക്ക് ഉള്ളില്തന്നെയുണ്ട്. വന്യമൃഗങ്ങള്‍ തങ്ങളുടെ കൃഷിയിടങ്ങളിലും താമസ ഇടങ്ങളിലും ഏത് നിമിഷവും എത്തുമെന്ന ഭീതിയിലാണ് ഈ മേഖലയിലെ ജനങ്ങള്‍. ദേലമ്പാടി, മുളിയാര്‍, കാറഡുക്ക, ബേഡകം, കുറ്റിക്കോല്‍, പനത്തടി, ഈസ്റ്റ്-വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ കാട്ടാനശല്യം പല അവസരങ്ങളിലും രൂക്ഷമാണ്. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും സോളാര്‍ തൂക്കുവേലി പദ്ധതി നടപ്പിലാക്കണം. ജില്ലയില്‍ പുലിയുടെ ശല്യവും അടുത്ത കാലത്തായി വര്‍ധിക്കുകയാണ്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് അംഗീകരിക്കാതിരുന്ന വനംവകുപ്പ് കെണിയില്‍പെട്ടും കിണറ്റില്‍ വീണും പുലികള്‍ ചത്തതിന് ശേഷമാണ് പുലി ശല്യം തടയുന്നതിന് നടപടി സ്വീകരിക്കുന്നത്.
വന്യജീവി ശല്യം പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ല. ജില്ലയില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം അടിയന്തിരമായും പരിഗണിക്കണം. ഫോറസ്റ്റ് സ്റ്റേഷന് തത്വത്തില്‍ അംഗീകാരം നലകിയാതായി വനം മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കണം. ജില്ലയിലെ ആര്‍ആര്‍ടി സംഘം വിപുലീകരിക്കണം. കൂടുതല്‍ വാഹനങ്ങളും അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.