സീസൺ തുടങ്ങുമ്പോൾ ആശങ്കയോടെ കശുമാവ് കർഷകർ
1511546
Thursday, February 6, 2025 1:47 AM IST
കാസർഗോഡ്: കാലാവസ്ഥാമാറ്റം മൂലമുണ്ടായ ഉത്പാദനക്കുറവിനൊപ്പം സംഭരണത്തിന്റെ കാര്യത്തിൽ സർക്കാർ ഏജൻസികളുടെ അലംഭാവം കൂടിയായതോടെ സീസൺ തുടങ്ങുമ്പോൾ ജില്ലയിലെ കശുമാവ് കർഷകർ ആശങ്കയിൽ. കിലോയ്ക്ക് 110 രൂപ തറവില നിശ്ചയിച്ച് സംഭരണം തുടങ്ങാനാണ് സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ നീക്കം. കഴിഞ്ഞ വർഷം ഇത് 114 രൂപയായിരുന്നു. മുൻവർഷത്തേതുപോലെ സഹകരണസംഘങ്ങൾ വഴി നേരിട്ട് സംഭരണം നടത്താതെ സ്വകാര്യ സംരംഭകരും സഹകരണസംഘങ്ങളും സ്വന്തം നിലയ്ക്ക് സംഭരിക്കുന്ന കശുവണ്ടി ഇ-ടെൻഡർ മുഖേന ഏറ്റെടുക്കാനാണ് കോർപറേഷന്റെ ആലോചന.
പൊതുവിപണിയിൽ ഇപ്പോൾ കശുവണ്ടി കിലോയ്ക്ക് 145 രൂപ വരെ വിലയുണ്ട്. എന്നാൽ, സീസൺ തുടങ്ങുന്നതോടെ വില കുറയുന്നതിന് വഴിയൊരുക്കുന്ന വിധത്തിലാണ് സർക്കാർ തറവില നിശ്ചയിച്ചതെന്നാണ് കർഷകരുടെ പരാതി. ഇത്തവണ ഏറ്റവും കുറഞ്ഞത് 150 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. ഉത്പാദനച്ചെലവും തൊഴിലാളികളുടെ കൂലിച്ചെലവുമൊക്കെയായി തട്ടിച്ചുനോക്കുമ്പോൾ അത് തികച്ചും ന്യായവുമാണ്.
പ്ലാന്റേഷൻ കോർപറേഷനു കീഴിലുള്ള തോട്ടങ്ങളിലെ കശുവണ്ടിക്ക് കഴിഞ്ഞ തവണ കിലോയ്ക്ക് 130 രൂപ ലഭിച്ചിരുന്നു. എന്നിട്ടും സാധാരണക്കാരായ കർഷകർക്ക് 110 രൂപ മാത്രം നല്കുന്നതിൽ എന്തു ന്യായമാണുള്ളതെന്ന് അവർ ചോദിക്കുന്നു. ഒരു കിലോഗ്രാം കശുവണ്ടി പരിപ്പിന് 1200 രൂപ വരെ വിലയുള്ളപ്പോഴാണ് കർഷകർക്ക് അതിന്റെ പത്തിലൊന്നു പോലും നല്കാതിരിക്കുന്നത്.
സർക്കാർ നേരിട്ട് സംഭരണം നടത്താതിരുന്നാൽ ഇടനിലക്കാർക്ക് കർഷകരെ ചൂഷണം ചെയ്യാനുള്ള വഴിയൊരുക്കുകയാകും ഉണ്ടാകുക. ഉത്പാദനം കൂടുന്നതോടെ സ്വകാര്യ സംഭരണക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകും.
മുൻവർഷം സഹകരണസംഘങ്ങൾ മുഖേന സംഭരണം നടത്താൻ സർക്കാർ തീരുമാനിച്ചതുതന്നെ സീസൺ ഏതാണ്ട് പകുതിയായപ്പോഴാണ്. പലയിടങ്ങളിലും സഹകരണ സംഘങ്ങൾ വിമുഖത കാണിച്ചതോടെ സംഭരണം നടന്നതുമില്ല.
സംഭരിച്ച കശുവണ്ടി സഹകരണസംഘങ്ങളിൽ നിന്ന് യഥാസമയം ഏറ്റെടുക്കാനും വില നല്കാനും കശുവണ്ടി വികസന കോർപറേഷന് കഴിയാതിരുന്നതും തിരിച്ചടിയായി. ഈ വർഷം നേരിട്ടുള്ള സംഭരണം തന്നെ വേണ്ടെന്നുവച്ചാൽ സ്ഥിതി ഇതിലും കഷ്ടമാകുമെന്നാണ് കർഷകരുടെ ആശങ്ക.