പോലീസ് സ്റ്റേഷനുകളിൽ കൂട്ടിയിട്ട വാഹനങ്ങളുടെ ലേല നടപടികൾ നിലയ്ക്കുന്നു
1511178
Wednesday, February 5, 2025 1:03 AM IST
കാസർഗോഡ്: വിവിധ കേസുകളിൽ ഉൾപ്പെട്ട് പോലീസ് സ്റ്റേഷനുകളിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ലേലനടപടികൾ നിലയ്ക്കുന്നു. നേരത്തേ കേസുകൾ ഒഴിവാകുന്ന മുറയ്ക്ക് ഇവ ലേലം ചെയ്യുന്നതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിച്ചിരുന്നു.
വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നാശോന്മുഖമായ നിലയിലായതിനാൽ മിക്കവാറും ഇരുമ്പുവിലയ്ക്കാണ് വില്പന നടത്തിയിരുന്നത്. എങ്കിൽപോലും ജില്ലയിലെ മിക്ക സ്റ്റേഷനുകളിൽ നിന്നും സർക്കാരിന് ഗണ്യമായ വരുമാനം ലഭിച്ചിരുന്നു. തുരുമ്പെടുത്ത വാഹനങ്ങൾ നീക്കം ചെയ്യുന്നതിലൂടെ സ്റ്റേഷൻ പരിസരം വൃത്തിയാക്കാനും കഴിഞ്ഞിരുന്നു.
മണൽകടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ലോറി, ടെമ്പോ വാഹനങ്ങളും ലഹരി കടത്തുമായി ബന്ധപ്പെട്ട ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ കൂട്ടിയിട്ടിരിക്കുന്നതിലേറെയും. അപകടങ്ങളിൽപ്പെട്ട് ഏറെക്കുറെ പൂർണമായും തകർന്ന വാഹനങ്ങളുമുണ്ട്. കേസ് നടപടികൾ തീരുമ്പോഴേക്കും പഴയതും പുതിയതുമായ വാഹനങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ച നിലയിലാകും.
കുമ്പള പോലീസ് സ്റ്റേഷനു സമീപം കൂട്ടിയിട്ട വാഹനങ്ങൾ തൊട്ടടുത്ത ഗവ. ഹയർ സെക്കൻഡറി സ്കൂളിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പഴയ റസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.
കാടുമുടി കിടക്കുന്ന വാഹനങ്ങൾക്കിടയിൽ ഇഴജന്തുക്കൾ താവളമാക്കുന്നു. ഈ വാഹനങ്ങളുടെ മറപറ്റി സ്കൂൾ വിദ്യാർഥികൾക്ക് ലഹരി വില്പനയുൾപ്പെടെ നടക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.