പൊതുമലിനീകരണം: ആശുപത്രികള്‍ക്കെതിരേ നടപടി
1510941
Tuesday, February 4, 2025 2:09 AM IST
കാസര്‍ഗോഡ്: ആശുപത്രികളില്‍ നിന്നുള്ള മലിനജലം ഓവുചാലുകളിലൂടെ ഒഴുക്കിവിടുന്നത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. അരികുവശം മൂടിയ ഓവുചാലുകളിലേക്ക് മണ്ണിനടിയിലൂടെ പൈപ്പ് ലൈന്‍ വഴി രഹസ്യമായി ഒഴുക്കിവിടുകയാണ് ചെയ്തു വരുന്നത്.
നാഷണല്‍ ഹൈവേയിലെ പ്രവൃത്തിക്കും ഇത് തടസ്സമാകുന്നുണ്ട്. മലിനജലം കണ്ടെത്തിയ ഭാഗത്ത് മണ്ണ് നീക്കം ചെയ്ത് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനം കണ്ടെത്തുന്നതിനും, അതിനുള്ള ചെലവ് ഉത്തരവാദികളായ സ്ഥാപനത്തില്‍ നിന്നും വസൂലാക്കുന്നതിനും കേരളാ മുനിസിപ്പല്‍ ആക്ട് പ്രകാരമുള്ള പരമാവധി പിഴ നല്‍കുന്നതിനും എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കാസര്‍ഗോഡ് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ വലിയ കുഴിയിലേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തിയതിനാല്‍ 20,000 രൂപ പിഴ ചുമത്തി. കിംസ് ആശുപത്രിയില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴയിട്ടു. സഹകരണ ആശുപത്രിയില്‍ നിന്ന് ഉപയോഗജലം തുറസായ സ്ഥലത്തേക്ക്ഒഴുക്കിവിട്ടതിന് 5000 രൂപ പിഴ ഈടാക്കി.