കാർഷിക കോളജ് ഫാമിൽ കാസർഗോഡ് കുള്ളൻ പശുവിന് ഇരട്ട പ്രസവം
1511173
Wednesday, February 5, 2025 1:03 AM IST
നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിലെ ഇൻസ്ട്രക്ഷണൽ ലൈവ് സ്റ്റോക്ക് ഫാമിൽ കാസർഗോഡ് കുള്ളൻ പശുവിന് ഇരട്ടപ്രസവം. പശുക്കളിൽ ഒരു പ്രസവത്തിൽ ഒന്നിലധികം കുട്ടികൾ ജനിക്കുന്നത് അപൂർവമാണ്. ഫാമിലെ കാളയുമായി സ്വാഭാവിക ഇണചേരലിലൂടെ ഉണ്ടായ ആദ്യഗര്‍ഭത്തിലാണ് ഈ ഇരട്ട ജനനം. രണ്ടും ആൺകുട്ടികളാണ്.
കാസര്‍ഗോഡ് കുള്ളന്‍ പശുക്കള്‍ ശരാശരി 85 മുതല്‍ 100 സെന്റിമീറ്റര്‍ ഉയരവും 150 കിലോ ഭാരവുമുള്ളയാണ്. ഇവ പ്രധാനമായും ജൈവ കൃഷിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നു. പാലുത്പാദനം 2-3 ലിറ്ററിലേക്ക് പരിമിതമായിരുന്നാലും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്ഥയോട് പൊരുതാനുള്ള കഴിവുമാണ് ഇവയെ മറ്റു ഇനം പശുക്കളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
കൂടാതെ ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന എ2 പാലാണ് ഇവ നല്‍കുന്നത് എന്നുള്ള പ്രത്യേകതയുമുണ്ട്. കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും ആവശ്യമായ എല്ലാ പരിചരണവും നല്‍കിവരുന്നതായി ഫാം അധികൃതര്‍ അറിയിച്ചു.