ഒളവറയിൽ മരമില്ലിൽ തീപിടിത്തം; ഒന്നരക്കോടിയുടെ നാശനഷ്ടം
1510936
Tuesday, February 4, 2025 2:09 AM IST
തൃക്കരിപ്പൂർ: ഒളവറയിലെ മരമില്ലിൽ തീപിടിത്തം. ഒന്നര കോടിയിൽപ്പരം രൂപയുടെ മരങ്ങളും യന്ത്രസാമഗ്രികളും കത്തിനശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. അഗ്നി രക്ഷാ സേനയുടെ ഏഴു യൂണിറ്റ് മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെ ഉണ്ടായ തീ പിടിത്തത്തിൽ മരം ചിന്തേരിടുന്ന റീസോ മെഷീൻ, പ്ലെയിനർ എന്നിവയും കെട്ടിടവും ഒരു കോടിയിൽപ്പരം രൂപയുടെ മരങ്ങളും മര ഉരുപ്പടികളും
കത്തിയമർന്നു. ഇളമ്പച്ചിയിലെ വി.കെ.പി.അബ്ദുൾ റഷീദിൻ്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ-തൃക്കരിപ്പൂർ പ്രധാന പാതയോരത്ത് പ്രവർത്തിക്കുന്ന
ഒളവറ ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ പുലർച്ചെ റീസോ മെഷീന് സമീപത്തു നിന്നാണ് തീയും പുകയും ഉയർന്നത്. പെട്ടെന്ന് തീ മരത്തിടികളിലേക്കും സൈസ് ചെയ്ത മര ഉരുപ്പടികളിലേക്കും ആളി പടരുകയായിരുന്നു. സാമൂഹ്യ പ്രവർത്തകനായ പ്രസാദ് ഒളവറയാണ് അഗ്നി രക്ഷാസേനയിലും സ്ഥാപന ഉടമയെയും വിവരമറിയിച്ചത്. തൃക്കരിപ്പൂർ, പയ്യന്നൂർ, പെരിങ്ങോം, കാഞ്ഞങ്ങാട് നിലയങ്ങളിൽ നിന്നും എത്തിച്ചേർന്ന അഗ്നി രക്ഷാ സേനയുടെ എഴ് യൂണിറ്റ് വാഹനങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.
വലിയ തോതിൽ തീ വ്യാപിച്ചതിനാൽ അഗ്നി രക്ഷാ സേനാംഗങ്ങൾ മണിക്കൂറുകൾ നടത്തിയ അധ്വാനത്തിലാണ് തീ അണച്ചത്. തീ പിടിച്ചു കത്തിയമർന്ന ഷെഡിന് പടിഞ്ഞാറ് ഭാഗത്തായി മര ഉരുപ്പടികൾ തയ്യാറാക്കിയ കെട്ടിടത്തിലേക്ക് തീ പടർന്നിരുന്നുവെങ്കിൽ കോടികളുടെ നാശമുണ്ടാവുമായിരുന്നു. മരക്കമ്പനിക്കടുത്തുള്ള മുറികളിൽ കമ്പനിയിലെ എട്ട് ഇതരസംസ്ഥാനതൊഴിലാളികൾ രാത്രിയിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. റീസോ മെഷീനിലുണ്ടായ വൈദ്യുത ഷോട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.വൈദ്യുത വകുപ്പ് ഇൻസ്പെക്ട്രേറ്റിൽ നിന്നും ഉദ്യോഗസ്ഥരെത്തിയ ശേഷം മാത്രമേ വിശദമായ വിവരം അറിയാനാവൂ. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.