ജില്ലയിൽ ഉൾനാടൻ ജലപാതയുടെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കുന്നു
1510686
Monday, February 3, 2025 12:53 AM IST
കാഞ്ഞങ്ങാട്: ജില്ലയില്‍ വിനോദസഞ്ചാര വികസനത്തിനും ജലസേചനത്തിനും മുതൽക്കൂട്ടാകുമെന്നു പ്രതീക്ഷിച്ച കോവളം - ബേക്കല്‍ പശ്ചിമതീര ജലപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു. നീലേശ്വരം പുഴയില്‍ ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തിയും അരയിപ്പുഴയിൽ നിന്ന് ചിത്താരി പുഴ വരെ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. കേന്ദ്രത്തിൽനിന്നോ കിഫ്ബിയിൽ നിന്നോ പ്രതീക്ഷിച്ചതുപോലെ ഫണ്ട് അനുവദിച്ചുകിട്ടാത്തതും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുമാണ് ജലപാതയെ പിന്നോട്ടടിപ്പിച്ചതെന്നാണ് സൂചന.
നീലേശ്വരം പുഴയ്ക്കും ചിത്താരി പുഴയ്ക്കുമിടയില്‍ കനാല്‍ നിര്‍മിക്കുന്നതിനും നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപം നാവിഗേഷൻ ലോക്ക് നിർമിക്കുന്നതിനുമായി കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, അജാനൂര്‍, ബല്ല വില്ലേജുകളില്‍ നിന്നായി ആകെ 44.156 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നിര്‍ദിഷ്ട കൃതിമ കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടും ഡ്രോണ്‍ ഉപയോഗിച്ചും സ്ഥലപരിശോധന നടത്തിയിരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും അവ ചർച്ചകളിലൂടെ പരിഹരിക്കാനും ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിന്റെ മാതൃകയിൽ നഷ്ടപരിഹാരം അനുവദിക്കാനും തത്വത്തിൽ ധാരണയുണ്ടായിരുന്നു. പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് 178.15 കോടി രൂപ അനുവദിക്കുകയും ചെയ്തു.
കവ്വായി കായല്‍ വഴി കാസര്‍ഗോഡ് ജില്ലയിലേക്ക് പ്രവേശിക്കുന്ന ജലപാത 45 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ പയ്യന്നൂര്‍ കൊറ്റിയില്‍ നിന്ന് തുടങ്ങി വലിയപറമ്പ് വഴി കോട്ടപ്പുറം വരെ കായലിലൂടെയുള്ള 23 കിലോമീറ്റര്‍ ദൂരം ഇപ്പോള്‍തന്നെ ബോട്ടുകൾക്ക് സര്‍വീസ് നടത്താവുന്ന തരത്തിലാണ്. കോട്ടപ്പുറത്തുനിന്ന് നീലേശ്വരം പുഴ വഴി നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിലേക്കും അവിടെ നിന്ന് അരയിപ്പുഴയിലൂടെ കൂളിയങ്കാലിലേക്കും ജലപാത നീട്ടാനും കൂളിയങ്കാലില്‍ നിന്ന് അജാനൂര്‍ പഞ്ചായത്തിലെ മഡിയന്‍ വരെ 6.65 കിലോമീറ്റര്‍ നീളമുള്ള കൃത്രിമ കനാല്‍ നിര്‍മിക്കാനുമാണ് രൂപരേഖ തയ്യാറാക്കിയിരുന്നത്. മഡയനില് നിന്ന് ചിത്താരിപ്പുഴ വഴി പൊയ്യക്കരയിലെ നിര്‍ദിഷ്ട ബേക്കല്‍ ടൂറിസം വില്ലേജ് വരെ ജലപാത നീട്ടാനായിരുന്നു ധാരണ.
കൂളിയങ്കാലില്‍ അരയിപ്പാലത്തിന് സമീപത്തുനിന്നാരംഭിക്കുന്ന കൃത്രിമ കനാല്‍ ജില്ലാ ആശുപത്രിയുടെ തെക്കുവശത്തുകൂടി ദേശീയപാത മുറിച്ചുകടന്ന് കാരാട്ടുവയല്‍, നെല്ലിക്കാട്, അതിയാമ്പൂര്, വെള്ളായിപ്പാലം, മണലില്‍ വഴി മഡിയനിലെത്താനാണ് രൂപരേഖ തയ്യാറാക്കിയിരുന്നത്. ഇത്രയും ദൂരം 60 മീറ്റര്‍ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടിവരും. 40 മീറ്റര്‍ വീതിയുള്ള കനാലും ഇരുവശങ്ങളിലും 10 മീറ്റര്‍ വീതിയില്‍ സമീപന റോഡുകളും നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഈ റോഡുകളെ ബന്ധിപ്പിച്ച് ഇടയ്ക്കിടെ പാലങ്ങളും വരും. ഇതുവഴി കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുകൂടി വഴിയൊരുക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.
ജലപാത കടന്നുപോകുന്ന ഭാഗങ്ങളിൽ ദേശീയപാതയിലുള്‍പ്പെടെ നിലവിലുള്ള പാലങ്ങള്‍ ആറുമീറ്ററെങ്കിലും ഉയരത്തില്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. നീലേശ്വരം പുഴയ്ക്കു കുറുകേ നിർമിക്കുന്ന പുതിയ പാലം ജലപാതയ്ക്കനുസരിച്ച ഉയരത്തിലാണ്. എന്നാൽ പഴയ പാലം പൊളിച്ച് പുനർനിർമിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. അരയി കോട്ടകടവ്, നമ്പ്യാര്‍ക്കാൽ, ചിത്താരി അള്ളങ്കോട് എന്നിവിടങ്ങളിലും പുതിയ പാലങ്ങൾ നിർമിക്കേണ്ടിവരും. മറ്റു പല സ്ഥലങ്ങളിലും നിലവിലുള്ള കോൺക്രീറ്റ് നടപ്പാലങ്ങളും പൊളിച്ചുപണിയേണ്ടിവരും.
നിർദിഷ്ട കൃത്രിമ കനാല്‍ ദേശീയപാത മുറിച്ചുകടക്കേണ്ട സ്ഥലത്ത് ഇപ്പോൾ അക്ഷരാർഥത്തിൽ വഴിമുട്ടിയിരിക്കുകയാണ്.
അരയിപ്പുഴയില്‍ നിന്ന് കാരാട്ടുവയല്‍ ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള ചെറിയ കനാലിന് ആഴവും വീതിയും കൂട്ടി പുതിയ കനാൽ നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ജില്ലാ ആശുപത്രിക്കും കൂളിയങ്കാലിനുമിടയില് വച്ചാണ് ഈ കനാല്‍ ദേശീയപാത മുറിച്ചുകടക്കുന്നത്. എന്നാൽ ഈ സ്ഥലത്ത് പുതിയ ദേശീയപാതയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായതോടെ ഇനി ജലപാതയുടെ രൂപരേഖ മാറ്റിവരയ്ക്കേണ്ടിവരുമെന്ന നിലയാണ്.