ഫെയര്‍ സ്റ്റേജ് പരിഷ്കരിക്കും മലയോരയാത്രയ്ക്ക് ചെലവു കുറയും
1510601
Sunday, February 2, 2025 8:15 AM IST
കാഞ്ഞങ്ങാട്: പത്തൊന്പതിന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറുടെ സാന്നിധ്യത്തില്‍ ആര്‍ടിഎ യോഗം ചേരുന്ന സാഹചര്യത്തില്‍ കൊന്നക്കാട്, കാലിച്ചാനടുക്കം തുടങ്ങിയ മലയോരഗ്രാമങ്ങളിലേക്കുള്ള ബസ് ചാര്‍ജ് കുറയും.
യോഗത്തില്‍ 91 അജണ്ടകളില്‍ 79-ാമതായാണ് ജനങ്ങളുടെ പരാതി പരിഗണിക്കുക. കാഞ്ഞങ്ങാട്-മാവുങ്കാല്‍-ഒടയംചാല്‍- പരപ്പ- വെള്ളരിക്കുണ്ട് -കൊന്നക്കാട് റൂട്ടിലെയും ഏഴാംമൈല്‍ -എണ്ണപ്പാറ- തായന്നൂര്‍- കാലിച്ചാനടുക്കം റൂട്ടിലെയും അശാസ്ത്രീയ ഫെയര്സ്റ്റേജുകളാണ് പരിഷ്കരിക്കുന്നത്. ബസുടമകളുടെ ആവശ്യപ്രകാരം പാണത്തൂര്‍ റൂട്ടിലെ സ്റ്റേജും പുനക്രമീകരിക്കും. ഒരു മാസത്തിനകം തീരുമാനം പ്രസിദ്ധീകരിക്കും.
കാഞ്ഞങ്ങാട് -കൊന്നക്കാട് റൂട്ടില്‍ അഞ്ചുരൂപയുടെ കുറവാണുണ്ടാകുക. കാലിച്ചാനടുക്കത്ത് നിന്ന് ഏഴാംമൈലിലേക്കുള്ള യാത്രക്കാര്‍ക്കും അഞ്ചു രൂപയുടെ കുറവുണ്ടാകും. ഒടയംചാല്‍ മുതല്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കും രണ്ടുരൂപയുടെ കുറവുവന്നേക്കും. നിലവില്‍ പാണത്തൂര്‍, പേരിയ, കൊന്നക്കാട് റൂട്ടുകളിലെ ചില സ്വകാര്യബസുകള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന സ്ഥിരംയാത്രക്കാര്‍ക്ക് മാത്രമായി ടിക്കറ്റ് നിരക്കില്‍ ഇളവുനല്കാറുണ്ട്.
ഫെയര്‍സ്റ്റേജിലെ അശാസ്ത്രീയത മാറ്റിയാല്‍ ഈ റൂട്ടുകളില്‍ ചെറിയ ദൂരം സഞ്ചരിക്കുന്നവരുടെ യാത്രാചെലവും കുറയും.
മലയോരത്തേക്കുള്ള സ്വകാര്യബസുകളില്‍ മാത്രം കിഴക്കുംകര സ്റ്റേജിന് പണം വാങ്ങുന്നെന്നും 1974ല്‍ നിശ്ചയിച്ച ഫെയര്‍സ്റ്റേജില്‍ കിഴക്കുംകര ഇല്ലെന്നും ആരോപിച്ച് വിവരാവകാശ രേഖകള്‍ സഹിതം നാട്ടുകാര്‍ മോട്ടോര്‍വാഹന വകുപ്പില്‍ പരാതിപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ മാസത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കാന്‍ തുടങ്ങി. ഇതോടെ ബസുടമകളുടെ സംഘടന മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ച് താത്കാലം നിയമനടപടി സ്വീകരിക്കരുതെന്നും ഫെയര്‍സ്റ്റേജ് അളക്കുംവരെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കാഞ്ഞങ്ങാട് എംവിഐ എം.വിജയന്റെ നേതൃത്വത്തില്‍ റൂട്ടുകള്‍ അളന്നു. ഇതിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ആര്‍ടിഎ നടപടി സ്വീകരിക്കുക.
ഏഴു മാസത്തിന് ശേഷം നടക്കുന്ന ആര്‍ടിഎ യോഗത്തിന്റെ പരിഗണനയിലേക്ക് ഇത്തവണ ജില്ലയിലെ 47 പുതിയ ബസ് പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകളാണ് വന്നത്. കോവിഡുണ്ടാക്കിയ സാമ്പത്തിക തിരിച്ചടിയില്‍നിന്ന് അതിജീവിച്ചതാണ് മാറ്റത്തിന് കാരണമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
കാഞ്ഞങ്ങാട് നിന്ന് മടിക്കൈയിലൂടെ മാത്രം മലയോരത്തേക്ക് ഏഴു പെര്‍മിറ്റുകളാണ് ഇക്കൂട്ടത്തിലുള്ളത്. അതേസമയം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ജനകീയസദസില്‍ സംസ്ഥാനത്ത് 503 പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ ധാരണയായെങ്കിലും കാഞ്ഞങ്ങാട് പരിധിയില്‍ ഉദ്യോഗസ്ഥര്‍ തയാറാക്കിയ നിര്‍ദേശങ്ങള്‍ സംരംഭകര്‍ക്ക് നിരാശയായിട്ടുണ്ട്.
കാര്യമായ വരുമാനം ലഭിക്കാത്ത റൂട്ടുകളും പുതിയ ബസുകള്‍ മാത്രമേ പറ്റൂ എന്നതാണ് വെല്ലുവിളി. സാങ്കേതിക നൂലാമാലകളില്ലാത്ത നിര്‍ദേശമാണ് ആദ്യഘട്ടത്തിലേതെന്നും കൂടുതല്‍ പെര്‍മിറ്റുകള്‍ക്കുള്ള ശ്രമം സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറങ്ങിയ ശേഷമേ ഉണ്ടാകൂയെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.