കാഞ്ഞങ്ങാട്ട് കുലയ്ക്കാറായ നേന്ത്രവാഴകൾ നശിപ്പിച്ചു
1510684
Monday, February 3, 2025 12:53 AM IST
കാഞ്ഞങ്ങാട്: നഗരസഭ 12-ാം വാർഡിൽ ഉൾപ്പെടുന്ന കവ്വായിയിൽ കുലയ്ക്കാറായ നേന്ത്രവാഴകൾ വെട്ടിയും കുത്തിക്കീറിയും നശിപ്പിച്ചു.
കവ്വായി വിഷ്ണുമൂർത്തി ദേവസ്ഥാനത്തിന്റെ പറമ്പിൽ കർഷകരായ എ.നാരായണൻ, കെ.ബാബുരാജ് എന്നിവർ നടത്തിയ നേന്ത്രവാഴ കൃഷിയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഒരു വാഴ വെട്ടിയിടുകയും ബാക്കിയുള്ളവയിലേറെയും കുത്തിക്കീറുകയുമായിരുന്നു.
വാഴയ്ക്കുള്ളിലെ കാമ്പിന് പോറലേൽക്കുന്ന വിധത്തിലാണ് കുത്തിക്കീറിയത്. കാമ്പിനു പോറലേൽക്കുന്ന വാഴകൾ കുല വരാതെ നശിക്കുമെന്നുറപ്പാണ്. ശനിയാഴ്ച രാത്രി ദേവസ്ഥാനത്തിലേക്കുള്ള മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് കർഷകർ മാസങ്ങളുടെ അധ്വാനം കൊണ്ട് വളർത്തിയെടുത്ത നേന്ത്രവാഴകൾ നിഷ്ക്കരുണം നശിപ്പിച്ചത്. മെയിൻ സ്വിച്ച് ഓഫ് ചെയ്തതിനാൽ ദേവസ്ഥാനത്തിനു മുന്നിലെ സിസിടിവി കാമറയും ഓഫായിരുന്നു.
ഏതാനും മാസം മുമ്പ് ദേവസ്ഥാനം ഭരണസമിതിയും പ്രദേശവാസികളായ ഏതാനും പേരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു.
നേരത്തേ ദേവസ്ഥാനം ഭൂമി പ്രദേശവാസികൾ കളിസ്ഥലമായി ഉപയോഗിച്ചിരുന്നു. എന്നാൽ കളിക്കിടയിൽ പന്തു തട്ടിയും മറ്റും ദേവസ്ഥാനം കെട്ടിടത്തിനു പോറലേൽക്കുന്നതിനാൽ ഭരണസമിതി ഇടപെട്ട് അതു വിലക്കിയിരുന്നു. ഇതുസംബന്ധിച്ച് പോലീസിനു മുന്നിലും പരാതി എത്തിയിരുന്നു. ഈ സ്ഥലത്താണ് പിന്നീട് പ്രദേശവാസികളായ കർഷകരുടെ മുൻകൈയിൽ വാഴക്കൃഷി തുടങ്ങിയത്. ഇതിനോടുള്ള പ്രതികാര നടപടിയായാണ് വന്യമൃഗങ്ങളെ വെല്ലുന്ന തരത്തിൽ കൃഷി നശിപ്പിച്ചതെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച് ദേവസ്ഥാനം ഭരണസമിതിയും കർഷകരും വീണ്ടും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.