മലയോരത്ത് ഡയാലിസിസ് സെന്റർ ഒരുങ്ങുന്നു
1510935
Tuesday, February 4, 2025 2:09 AM IST
രാജപുരം: നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം മലയോരത്തെ ഡയാലിസിസ് രോഗികൾക്ക് പ്രതീക്ഷയായി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ട്രയൽ റൺ ഇന്ന് തുടങ്ങും.
യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴു പഞ്ചായത്തുകളിലെ രോഗികൾക്ക് പ്രയോജനം ലഭിക്കും. മെഷീനുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഒരു ടെക്നീഷ്യനെ നിയമിച്ചു. ഒരു ഡോക്ടർ ഉൾപ്പെടെ അഞ്ച് നഴ്സുമാരെയും രണ്ടു ക്ലീനിംഗ് സ്റ്റാഫിനെയും നിയമിച്ചു. ആവശ്യമായ വെള്ളം വാട്ടർ അഥോറിറ്റി നൽകും. ഇതിനു പുറമെ പൈനിക്കരയിലെ പഞ്ചായത്ത് സ്ഥലത്ത് കുളം നിർമിച്ചും വെള്ളം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഒരേ സമയം 10 രോഗികളെ ഡയാലിസിസിന് വിധയമാക്കുന്ന നിലയിലാണ് യൂണിറ്റ് സജ്ജീകരിച്ചത്. ഒരു ബെഡ് എമർജൻസി വിഭാഗത്തിന് ഒഴിച്ചിടും. ഒന്പതു ബെഡുകൾ പൂർണമായും ഉപയോഗിക്കുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെയും ഉച്ചക ഴിഞ്ഞും രണ്ടു ഷിഫ്റ്റായാണ് പ്രവർത്തനം നടത്തുക. മലയോര മേഖലയിൽ ഏകദേശം 232 ഡയാലിസിസ് രോഗികൾ ഉണ്ടെന്നാണ് കണക്ക്. ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്ന് ഒരു രോഗിയെയും നാളെ രണ്ടു രോഗികളെയും ഡയാലിസിസിനെ വിധേയമാക്കും.