സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം
1510937
Tuesday, February 4, 2025 2:09 AM IST
കാഞ്ഞങ്ങാട്: സിപിഎം ജില്ലാസമ്മേളനം നാളെ മുതല്‍ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കും. കാഞ്ഞങ്ങാട് -മാവുങ്കാല്‍ റോഡിലുള്ള എസ്ബിഐക്ക് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ നാളെ രാവിലെ 9.30ന് മുന്‍ കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന് പതാകയുയര്‍ത്തും. 10നു പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്, പി.കെ.ശ്രീമതി, സംസ്ഥന സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി.രാമകൃഷ്ണന് എംഎല്‍എ, ആനാവൂര്‍ നാഗപ്പന്, പി.കെ.ബിജു എന്നിവര്‍ സമ്മേളനത്തില്‍ മുഴുനീളം പങ്കെടുക്കും.
പ്രതിനിധിസമ്മേളന നഗരിയിലേക്കുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ ഇന്നു രാവിലെ ഒമ്പതിന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയും പതാകജാഥ മുനയംകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നു രാവിലെ 9.30നു കെ.പി.സതീഷ്ചന്ദ്രനും കൊടിമരജാഥ കയ്യൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ ഉച്ചയ്ക്ക് 1.30നു പി.കരുണാകരനും പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.30ന് എം.വി.ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
നാലുജാഥകളും ഒപ്പം ജില്ലയിലെ വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും എത്തിച്ച ദീപശിഖകളും അലാമിപ്പള്ളി പുതിയബസ് സ്റ്റാന്‍ഡില്‍ നിന്നും പൊതുസമ്മേളനം നടക്കുന്ന നോര്‍ത്ത് കോട്ടച്ചേരിയിലേക്ക് നീങ്ങും. വൈകുന്നേരം ആറിന് വി.വി.രമേശന് പതാകയുയര്‍ത്തും. ഏഴിന് ടൗണ്‍ഹാളില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. അഞ്ചിന് വൈകുന്നേരം അഞ്ചിന് ടൗണ്‍ ഹാളില്‍ സാംസ്കാരിക സെമിനാര്‍ സുനില്‍ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിലാമഴഗസല് സന്ധ്യ.
ജില്ലയിലെ 27,904 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്, സംഘാടകസമിതി ചെയര്മാന് വി.വി.രമേശന്, ജനറല്‍ കണ്‍വീനര്‍ കെ.രാജ്മോഹന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.പി.സതീഷ്ചന്ദ്രന്, സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.വി.കുഞ്ഞിരാമന്, പി.ജനാര്ദ്ദനന്, സാബു ഏബ്രഹാം, വി.കെ.രാജന്, കെ.ആര്.ജയാനന്ദ, എം.സുമതി, സി.പ്രഭാകരന്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.അപ്പുക്കുട്ടന്, പി.കെ.നിഷാന്ത് എന്നിവര്‍ പങ്കെടുത്തു.
വരുമോ പുതിയ
ജില്ലാ സെക്രട്ടറി ?
75 വയസ് പൂര്‍ത്തിയായവര്‍ പാര്‍ട്ടിചുമതലകളില്‍ നിന്നും ഒഴിയണമെന്ന മാനദണ്ഡം പാലിക്കപ്പെട്ടാല്‍ എം.വി.ബാലകൃഷ്ണന് ജില്ലാസെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും. രണ്ടു ടേം പൂര്‍ത്തിയാക്കിയ ബാലകൃഷ്ണന് 75 വയസ് പിന്നിട്ടുകഴിഞ്ഞു. ബാലകൃഷ്ണനോട് എതിര്‍പ്പുള്ള ഒരു വിഭാഗം അദ്ദേഹത്തിന് 76 വയസായെന്ന് കാട്ടി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പുവിന്റെ പേരിനാണ് മുന്‍തൂക്കം. സം്ഥാന കമ്മിറ്റിയംഗമായ കുഞ്ഞമ്പു രണ്ടാംതവണയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്. മറ്റൊരു മുതിര്‍ന്ന നേതാവായ കെ.വി.കുഞ്ഞിരാമന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ സാധ്യത മങ്ങി. തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജനാര്‍ദ്ദനനന്‍ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണനയിലുണ്ട്. അതേസമയം പിണറായി വിജയന്റെ വിശ്വസ്തനായ ബാലകൃഷ്ണന് ഒരിക്കല്‍കൂടി സെക്രട്ടറി ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്.
മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറിയോ ഇല്ലാതെ സമ്മേളനം
മുഖ്യമന്ത്രിയുടെയോ സംസ്ഥാന സെക്രട്ടറിയുടെയോ സാന്നിധ്യമില്ലാതെ സിപിഎം ജില്ലാസമ്മേളനം. ജില്ലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ സിപിഎം സമ്മേളനം നടത്തുന്നത്. ഇത്തവണത്തെ ജില്ലാ സമ്മേളനങ്ങളില്‍ കാസര്‍ഗോഡും വയനാടും ഒഴികെയുള്ള ജില്ലകളിലെല്ലാം മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറിയോ പങ്കെടുത്തിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ തന്നെയാണ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേതാക്കളെന്നും അവര്‍ സമ്മേളനത്തിനുണ്ടെന്നുമായിരുന്നു
ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്റെ മറുപടി. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച ചോദ്യത്തിന് അവിടെ ദേശീയരാഷ്്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും പരമ്പരാഗതമായി ഇടതുപക്ഷത്തിനു വോട്ട് ചെയ്ത ഒരു വിഭാഗം ജനങ്ങളുടെ തങ്ങള്‍ക്ക് വോട്ട് ലഭിച്ചില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ ഇതു തിരിച്ചുപിടിക്കുമെന്നും ബാലകൃഷ്ണന് പറഞ്ഞു.