ജില്ലയില്‍ 614 ഹരിതവിദ്യാലയങ്ങള്‍
1510596
Sunday, February 2, 2025 8:15 AM IST
കാസര്‍ഗോഡ്: മാലിന്യമുക്തം നവകേരളം ജനകീയകാമ്പയിന്റെ ഭാഗമായി ജില്ലയിലെ 614 സ്കൂളുകളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ശുചിത്വബോധവും വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ മാലിന്യസംസ്കരണം, ജല സംരക്ഷണം, ഊര്‍ജസംരക്ഷണം, കാര്‍ഷിക പുനരുദ്ധാനം എന്നിവ പരിഗണിച്ചാണ് ഹരിത വിദ്യാലയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഹരിതകേരളമിഷന്റെ ഭാഗമായി ശുദ്ധ ജലസംരക്ഷണം, പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിനുകള്‍, ജൈവവളം പ്രചാരം, മഴവെള്ള സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ഹരിതസേന, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ, നഗരസഭകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിയോടുള്ള സ്നേഹം വളര്‍ത്താന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങള്‍ ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായകരമാകും.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 82 വിദ്യാലയങ്ങളും നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ 18 വിദ്യാലയങ്ങളും കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 28 വിദ്യാലയങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 92 വിദ്യാലയങ്ങളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 80 വിദ്യാലയങ്ങളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 108 വിദ്യാലയങ്ങളും കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തിലെ 107 വിദ്യാലയങ്ങളും കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ 21 വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി.
വിദ്യാഭ്യാസ വകുപ്പിന്റേയും ഹരിതകേരളമിഷന്റെയും നേതൃത്വത്തില്‍ ജില്ലയെ പരിസ്ഥിതി സൗഹൃദ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഹരിത വ്യാപ്തി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാലയങ്ങള്‍ പരിസ്ഥിതിയോടൊപ്പം വളരുന്ന പാഠശാലകളായി മാറുമെന്ന് നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് അറിയിച്ചു.