ആലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ കടമുറികൾ ഒഴിയാൻ വാടകക്കാർ കത്ത് നല്കി
1510692
Monday, February 3, 2025 12:53 AM IST
കാഞ്ഞങ്ങാട്: നഗരസഭയുടെ പ്രഖ്യാപനങ്ങൾ പലതു കഴിഞ്ഞിട്ടും പൂർണമായി പ്രവർത്തനക്ഷമമാകാത്ത ആലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ കടമുറികൾ ഒഴിയാൻ വാടകക്കാർ കത്തുനല്കി. രണ്ട് കടമുറികൾ ലേലത്തിൽ പിടിച്ച എ.വി. തോമസാണ് കരാറിൽനിന്ന് ഒഴിവാക്കി നിക്ഷേപത്തുകയായ 5.82 ലക്ഷം രൂപയും വാടകയിനത്തിൽ അടച്ച 46014 രൂപയും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നൽകിയത്.
ബസ് സ്റ്റാൻഡ് പൂർണമായും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ബിസിനസ് നടത്താൻ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കടമുറികൾ ഒഴിയാൻ അപേക്ഷ നൽകിയത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം ഈ അപേക്ഷ പരിഗണിക്കും. ഈ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ കൂടുതൽ വാടകക്കാർ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തുവരുമെന്നാണ് നഗരസഭാ അധികൃതരുടെ ആശങ്ക.
ഒരുവർഷം മുമ്പ് 2024 ഫെബ്രുവരിയിലാണ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ ലേലം നടന്നത്. ആരും ലേലത്തിനെടുക്കാതെ വർഷങ്ങളായി വെറുതേയിട്ട കടമുറികളുടെ നിക്ഷേപത്തുകയും വാടകയും കുറച്ചാണ് ലേലം നടത്തിയത്. ഏതാണ്ട് എല്ലാ കടമുറികളും ലേലത്തിൽ പോവുകയും ചെയ്തു. എന്നാൽ അതിനുശേഷം ലോക്സഭാ തെരഞ്ഞെടുപ്പും മറ്റു പല സാങ്കേതിക തടസങ്ങളും ചൂണ്ടിക്കാട്ടി വാടകക്കാർക്ക് മുറികൾ കൈമാറാൻ മാസങ്ങളുടെ കാലതാമസമുണ്ടായി.
കോട്ടച്ചേരിയിലെ ടൗൺ ബസ് സ്റ്റാൻഡ് അറ്റകുറ്റപണികൾക്കായി അടച്ചിട്ട് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭാ അധികൃതർ പ്രഖാപിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. ആലാമിപ്പള്ളി വഴി കടന്നുപോകുന്ന ബസുകളെല്ലാം നഗരസഭയുടെ നിർബന്ധം മൂലം ബസ് സ്റ്റാൻഡ് കെട്ടിടത്തെ വലംവച്ച് കടന്നുപോകുന്നതൊഴിച്ചാൽ ഇവിടെ മറ്റൊന്നും നടക്കുന്നില്ല. നാമമാത്രമായ യാത്രക്കാരാണ് ഇവിടെ ബസ് കയറാനും ഇറങ്ങാനും എത്തുന്നത്. നഗരസഭയുടെ ഉത്തരവ് പാലിക്കാൻവേണ്ടി മാത്രം ബസ് സ്റ്റാൻഡ് കെട്ടിടത്തെ വലംവയ്ക്കുന്ന ദീർഘദൂര ബസുകൾ മിക്കപ്പോഴും അമിതവേഗതയിലായതിനാൽ യാർഡിനകത്തുവച്ച് കൂട്ടിയിടിക്കാൻപോലും സാധ്യതയുണ്ടെന്ന് നാട്ടുകാർ പലതവണ ചൂണ്ടിക്കാട്ടുന്നതാണ്.
നൂറിലധികം മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ ഏതാനും മുറികൾ മാത്രമാണ് ഇതുവരെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുള്ളത്. ഇവയെല്ലാം സർക്കാർ അനുബന്ധ സ്ഥാപനങ്ങളും വക്കീൽ ഓഫീസുകളും മറ്റുമാണ്. ബസ് സ്റ്റാൻഡിനകത്ത് തുറന്ന കുടുംബശ്രീയുടെ ഹോട്ടൽ പോലും നാമമാത്രമായിട്ടാണ് പ്രവർത്തിക്കുന്നത്. കാര്യമായി ആളനക്കമായിട്ടില്ലാത്ത ബസ് സ്റ്റാൻഡിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് കടയുടമകളുടെ നിലപാട്.