ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം: ജില്ലാതല ഉദ്ഘാടനം നാളെ
1510939
Tuesday, February 4, 2025 2:09 AM IST
കാഞ്ഞങ്ങാട്: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ കാമ്പയിന് ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജില്ലാതല ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ ഇന്നു വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കാമ്പയിനില്‍ ആദ്യഘട്ട കാമ്പയിന് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലു മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ആദ്യഘട്ട കാമ്പയിന്. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നിവയ്ക്ക് സ്ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ് അറിയിച്ചു.