മുളിയാറിലും കാറഡുക്കയിലും ദ്രുതകര്‍മസേന നിരീക്ഷണം ശക്തമാക്കി
1511174
Wednesday, February 5, 2025 1:03 AM IST
ബോവിക്കാനം: ജില്ലയിൽ പുലിഭീതി പടർന്ന മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ രാത്രിയും പകലും ദ്രുതകര്‍മസേനയുടെ നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. ബോവിക്കാനം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മസേനയുടെ ഭാഗമായി മൂന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, നാല് താത്കാലിക വാച്ചര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.
മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ മാർഗനിർദേശ പ്രകാരമുള്ള എക്സ്പേര്‍ട്ട് കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.
വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറ ട്രാപ്പുകളില്‍ പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പുലി ഭീതിയുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിനായി 17 പ്രധാന കേന്ദ്രങ്ങളില്‍ വഴിവിളക്കുകൾ സ്ഥാപിച്ചു. റോഡിനോട് ചേര്‍ന്ന വനപ്രദേശങ്ങളില്‍ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന വനമേഖലകളില്‍ വനംവകുപ്പിന്റെ പട്രോളിംഗ് വ്യാപകമായി നടത്തുന്നുണ്ട്.
ജില്ലയില്‍ കാറഡുക്ക, മുളിയാര്‍, ദേലംപാടി, പുല്ലൂര്‍-പെരിയ, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും സ്വകാര്യ ജനവാസ മേഖലയിലുമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് വനം വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം പുലിയുടേതെന്ന് സ്ഥിരീകരിക്കാവുന്ന നിരവധി ആക്രമണങ്ങൾ നടന്ന മടിക്കൈ പഞ്ചായത്തിനെ ഈ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. മടിക്കൈയിലെ സംഭവങ്ങൾക്കു പിന്നാലെയാണ് പുല്ലൂർ-പെരിയയിലേക്കും പുലിഭീതി പടർന്നത്.
സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകളും വാഹനങ്ങളും അനുവദിക്കേണ്ടതുണ്ടെന്നും ഇതിനായുള്ള അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് അറിയിച്ചു.