ലഹരി വ്യാപനത്തിനും വന്യമൃഗശല്യത്തിനുമെതിരെ നടപടി വേണമെന്ന് താലൂക്ക് വികസനസമിതി
1510691
Monday, February 3, 2025 12:53 AM IST
വെള്ളരിക്കുണ്ട്: ലഹരിവ്യാപനത്തിനും വന്യമൃഗശല്യത്തിനുമെതിരെ നടപടി വേണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്കൂൾകുട്ടികളുടെ ഇടയിൽപോലും ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും പോലീസും എക്സൈസും ഉത്തരവാദപ്പെട്ട മറ്റുള്ളവരും ഇക്കാര്യം വളരെ ഗൗരവമായി പരിഗണിച്ച് കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. മലയോരത്ത് മിക്കയിടങ്ങളിലും കുരങ്ങിന്റെയും പന്നിയുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണെന്നും വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും ധനസഹായം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓട്ടപ്പടവ്, പെരുമ്പട്ട ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കാതെയും പാർശ്വഭിത്തി കെട്ടാതെയും റോഡ് നവീകരണ പ്രവൃത്തികൾ നടത്തിയതിനാൽ മഴക്കാലത്ത് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണെന്നും വീടുകളിലേക്കുള്ള റോഡ് ഇടിച്ചുതാഴ്ത്തി നിർമാണം നടത്തിയ സ്ഥലങ്ങളിൽ ബന്ധപ്പെട്ട കുടുംബങ്ങൾ കടുത്ത യാത്രാദുരിതം അനുഭവിക്കുകയാണെന്നും ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ചൂണ്ടിക്കാട്ടി. വെള്ളരിക്കുണ്ട് മുതൽ ഇടത്തോട് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും മരത്തടികൾ കൂട്ടിയിട്ട് ലോഡ് കയറ്റുന്നത് അപകടത്തിന് വഴിതെളിക്കുമെന്നും ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.