അതിരുമാവ്-അത്തിയടുക്കം-തയ്യേനി റോഡ് നവീകരിക്കാൻ തീരുമാനം
1510938
Tuesday, February 4, 2025 2:09 AM IST
തയ്യേനി: നിയമക്കുരുക്കിൽ നിന്ന് മോചനം നേടിയ അത്തിയടുക്കം ഗ്രാമത്തിന് യാത്രാദുരിതം മാറാനും വിനോദസഞ്ചാര സാധ്യതകൾ തേടാനും വഴിയൊരുങ്ങുന്നു. പലയിടങ്ങളിലായി തകർന്നും വഴിമുട്ടിയും കിടക്കുന്ന അതിരുമാവ്-അത്തിയടുക്കം-തയ്യേനി റോഡ് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്ന് എം. രാജഗോപാലൻ എംഎൽഎ അറിയിച്ചു. നാടിന്റെ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അത്തിയടുക്കം ഹോളി ഫാമിലി പള്ളിമുറ്റത്ത് ചേർന്ന നാട്ടുകാരുടെ യോഗത്തിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം.
തയ്യേനിയിൽനിന്ന് അത്തിയടുക്കം വരെയുള്ള മൂന്നു കിലോമീറ്റർ റോഡ് നവീകരിക്കാൻ ആറു കോടി രൂപയുടെ എസ്റ്റിമേറ്റ് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. അത്തിയടുക്കം–അതിരുമാവ്–കാറ്റാംകവല റോഡ് നവീകരിക്കാൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കണം. രണ്ടും ചേർത്ത് ഒറ്റ പദ്ധതിയാക്കി ഭരണാനുമതി നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
റോഡുകൾ വീതികൂട്ടിയും ചെങ്കുത്തായ കയറ്റിറക്കങ്ങളും വളവുകളും കുറച്ചും നവീകരിച്ചാൽ ചിറ്റാരിക്കാൽ, കൊന്നക്കാട്, പുളിങ്ങോം ഭാഗങ്ങളിൽ നിന്ന് ഇതുവഴി ബസ് സർവീസുകൾ തുടങ്ങാൻ സാധ്യത തെളിയും. സമീപപ്രദേശങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാര വികസനത്തിനും ഇത് മുതൽക്കൂട്ടാകും. അത്തിയടുക്കം പള്ളിമുറ്റത്ത് ചേർന്ന യോഗത്തിൽ അതിരുമാവ് സെന്റ് പോൾസ് പള്ളി വികാരി ഫാ. പോൾ തട്ടുപറമ്പിൽ നാടിന്റെ വികസന രൂപരേഖ എംഎൽഎയ്ക്ക് സമർപ്പിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. മോഹനൻ അധ്യക്ഷനായി. ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോൻസി ജോയി, വെസ്റ്റ് എളേരി പഞ്ചായത്തംഗം എൻ.വി. പ്രമോദ്, മാത്യു ജോസഫ്, സീമ മോഹൻ, എം.എൻ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.