റോഡിനോട് അവഗണന; വാഴ നട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
1510599
Sunday, February 2, 2025 8:15 AM IST
പരപ്പ: കൊല്ലംപാറ-നെല്ലിയടുക്കം-ബിരിക്കുളം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വാഴനട്ട് പ്രതിഷേധിച്ചു.
നിരവധി യാത്രാബസുകളും സ്കൂള്‍ ബസുകളും കടന്നുപോകുന്ന പ്രധാന റോഡാണിത്. റോഡിനോട് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ നാലു വര്‍ഷമായി കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ ജനരോഷമാണ് പ്രദേശവാസികളില്‍നിന്ന് ഉയരുന്നത്.
റീടാറിംഗോ അറ്റകുറ്റപ്പണിയോ നടത്താതെ ജനങ്ങളുടെ ദുരിതയാത്രയെ പുച്ഛിക്കുകയാണ് ജില്ലാ പഞ്ചായത്തംഗമെന്നും വളരെ പ്രധാന റോഡായ ഈ റോഡിന്റെ ശോചനീയാവസ്ഥ മെക്കാഡം ചെയ്ത് യാത്രക്കാരുടെ ദുരിതയാത്രയില്‍ നിന്നു മോചിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് സഘടനാ കാര്യ ജനറല്‍ സെക്രട്ടറി ബാലഗോപാലന് കാളിയാനം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ കോണ്‍ഗ്രസ് രൂപേഷ് കുവാറ്റി, മിഥുന് കൊല്ലംപാറ, ഷമീം പുലിയംകുളം, ഹരിശങ്കര്‍ കോളംകുളം, ട്രഷറര്‍ സജിന്‍ എന്നിവര്‍ പ്രസംഗിച്ചു.