പച്ചത്തുരുത്തുകള്‍ വ്യാപിപ്പിക്കാന്‍ നഴ്സറികള്‍ ആരംഭിക്കും
1510600
Sunday, February 2, 2025 8:15 AM IST
കാസര്‍ഗോഡ്: പച്ചത്തുരുത്തുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള നഴ്സറികളും ആരംഭിക്കാന്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ജില്ലാ കോര്‍പ്പസ് യോഗത്തില്‍ തീരുമാനിച്ചു. നെറ്റ്സീറോ കാര്‍ബണ്‍, ജൈവവൈവിധ്യ പരിപാലനം എന്നിവ സംബന്ധിച്ച് പഞ്ചായത്തിലെ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍, ബിഎംസി അംഗങ്ങള്‍ സോളാര്‍ സ്ഥാപിച്ചിട്ടുള്ള ഹൈസ്കൂളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള ജില്ലാ ശില്പശാല ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 14നു യോഗം ചേരും.
ഹരിതകേരളം മിഷന് മുഖേന നിര്‍ദേശിച്ച ഹരിത ദൃഷ്ടി മൊബൈല്‍ ആപ്പ് വഴിയുള്ള സര്‍വേ പെട്ടെന്ന് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് മുഖേന സോളാര്‍, ഹരിത പദവി നേടുന്നതിനുള്ള മറ്റ് പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള സ്കൂളുകളുടെ നിലവിലെ അവസ്ഥ വിലയിലുത്തി നെറ്റ്സീറോ കാര്‍ബണ്‍ സാധ്യത പഠിക്കും. ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും എനര്‍ജി ഓഡിറ്റ് ഇഎംസി മുഖേന ത്വരിതപ്പെടുത്തും.
ജില്ലാതലത്തിലും പഞ്ചായത്തുതലത്തിലും തയാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ അനുസരിച്ച് എകോപനം നടത്തും. നെറ്റ് സീറോ പഞ്ചായത്തുകളില്‍ കാര്‍ഷിക മേഖലയിലും തരിശുരഹിത ഗ്രാമം പദ്ധതിയിലും മാലിന്യ സംസ്കരണ രംഗത്തും പ്രത്യേക പദ്ധതികള്‍ തയാറാക്കി സമയബന്ധിതമായി നടപ്പാക്കാനും അങ്കണവാടികളില്‍ നല്കിയ അംഗന്‍ജ്യോതി ഉപകരണങ്ങളുടെ ഉപയോഗക്ഷമത വിലയിരുത്താനും തീരുമാനിച്ചു. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന ഉര്ജകോണ്ഗ്രസിന്റെ ഭാഗമായുള്ള എല്‍ഇഡി ബള്‍ബ് റിപ്പയര്‍ പരിശീലനത്തില്‍ ഹരിതകര്‍മസേനാംഗങ്ങളെ പങ്കെടുപ്പിക്കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി, കാസര്‍ഗോഡ് ഗവ. കോളജ് പ്രതിനിധി ഡോ. ഇ.എന്‍. മനോഹരന്, എഡിപിഒ റിജു മാത്യു, ജില്ലാ പഞ്ചായത്ത് എഫ്ഒ എം.എസ്.ശബരീഷ്, അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സ്മിത ഹരിദാസ്, കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി എസ്എഫ്ഒ എച്ച്. സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.